‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ തമിഴ് റീമേക്കില്‍ നായിക ഐശ്വര്യ രാജേഷ്

മലയാള സിനിമയില്‍ നിരവധി ചര്‍ച്ചകള്‍ വഴി തെളിച്ച ചിത്രമായിരുന്നു ജിയോ ബേബി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍. നിമിഷ സജയനും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. ചിത്രം തെലുങ്കിലേക്കും തമിഴിലേക്കും റീമേക്ക് ചെയ്യുമെന്ന് ഈയിടെ പ്രഖ്യാപിച്ചിരുന്നു. തമിഴ് റീമേക്കില്‍ നായികയായി എത്തുന്നത് ഐശ്വര്യ രാജേഷ് ആണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

ജയംകൊണ്ടേന്‍, കണ്ടേന്‍ കാതലൈ, സേട്ടൈ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത കണ്ണനാണ് റീമേക്ക് സംവിധാനം ചെയ്യുന്നത്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചന്‍റെ തമിഴ്, തെലുങ്ക് റീമേക്ക് റൈറ്റ്സുകളും കണ്ണൻ തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഒരേസമയം രണ്ട് ഭാഷകളിലും ചിത്രം സംവിധാനം ചെയ്യും. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ വളരെയധികം സ്വാധീനിച്ചെന്നും അദ്ദേഹം പറയുന്നു. സ്ത്രീകളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടിയ ചിത്രം വളരെയധികം ചിന്തിപ്പിച്ചു എന്നും ഒരു ഗ്ലാസ് വെള്ളം ചോദിക്കാൻ ഒരുങ്ങുമ്പോൾ പോലും രണ്ടാമതൊന്നുകൂടി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചു എന്നുമാണ് കണ്ണൻ പറഞ്ഞത്.

താരങ്ങളെ പ്രഖ്യാപിച്ചാൽ ഉടൻ കാരക്കുടിയിൽ ചിത്രീകരണം ആരംഭിക്കും. പി.ജി മുത്തയ്യ ക്യാമറ കൈകാര്യം ചെയ്യുമ്പോൾ, രാജ്കുമാറാണ് ആർട്ട് വിഭാഗം. പട്ടുകോട്ടൈ പ്രഭാകറാണ് സംഭാഷണം.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *