ഹോട്ടലുകളിലും ബേക്കറികളിലും ഭക്ഷണപദാര്‍ഥങ്ങളിലെ ചേരുവകളുടെ പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് കേരള ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ ടി.വി അനുപമ


ഹോട്ടലുകളിലും ബേക്കറികളിലും ഭക്ഷണപദാര്‍ഥങ്ങളിലെ ചേരുവകളുടെ പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് കേരള ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ ടി.വി അനുപമ ഉത്തരവിട്ടു. ഭക്ഷണങ്ങളില്‍ ചേര്‍ക്കുന്ന അജ്‌നാമോട്ടോ (മോണോസോഡിയം ഗുല്‍റ്റാമേറ്റ് ), മറ്റു രാസ വസ്തുക്കള്‍ എന്നിവയുടെ അളവ് വ്യക്തമായി കാണുന്ന രീതിയില്‍ വേണം പ്രദര്‍ശിപ്പിക്കാന്‍.
കവറില്‍ വില്‍ക്കുന്ന ഭക്ഷണ വസ്തുക്കളുടെ ചേരുവകളും അളവും കവറിനു പുറത്ത് വ്യക്തമാക്കണം. അജ്‌നാമോട്ടോ ചേര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ പന്ത്രണ്ടു വയസു വരെയുള്ള കുട്ടികള്‍ക്കു നല്‍കാന്‍ പാടില്ലായെന്ന് എഴുതി കടകളില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവിലുണ്ട്. ആരോഗ്യത്തിനു ഹാനികരമാല്ലാത്ത രാസവസ്തുക്കള്‍ മാത്രമേ കട വൃത്തിയാക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവൂ എന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേരളത്തിലെ ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും വിവിധ കറികളില്‍ വ്യാപകമായി അജ്‌നാമോട്ടോയും മറ്റു രാസ വസ്തുക്കളും ചേര്‍ക്കുക്കുന്നുവെന്നു ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയിരുന്നു. നേരത്തെ പരിശോധനയ്ക്ക് നിയോഗിച്ച ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അജ്‌നാമോട്ടോ ഉപയോഗിക്കരുതെന്നു നിര്‍ദേശം നല്‍കിയെങ്കിലും പലരും പാലിക്കപ്പെടാത്തതു കൊണ്ടാണ് ഉത്തരവിറക്കിയത്.
ഉത്തരവ് അവഗണിച്ചാല്‍ രണ്ടുലക്ഷം രൂപ പിഴയീടാക്കും. സ്ഥാപനത്തിന്റെ ലൈസന്‍സ് റദു ചെയ്യുകയും ചെയ്യും. ആരോഗ്യത്തിനു ഹാനികരമാകുന്ന രാസവസ്തുക്കള്‍ ഉപയോഗിച്ചതായി കണ്ടെത്തിയാല്‍ ഒരു ലക്ഷം രൂപ പിഴയും സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദു ചെയ്യുകയും ചെയ്യും.




Sharing is Caring