കേരളത്തിലെ കോണ്‍ഗ്രസില്‍ പാര്‍ട്ടി പുന:സംഘടന നടത്താന്‍ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുമതി നല്‍കി. കെപിസിസി പ്രസിഡന്റ് വിഎം സുധീരനുമായി നടത്തിയ ചര്‍ച്ചയിലാണ് രാഹുല്‍ പുന:സംഘടനയ്ക്ക് അനുമതി നല്‍കിയത്. പാര്‍ട്ടിയിലെ സംഘടനാ തെരഞ്ഞെടുപ്പിന് മുന്‍പ് പുന:സംഘടന നടത്താനാണ് ഇപ്പോള്‍ തീരുമാനം ആയിരിക്കുന്നത്. പുന:സംഘടന സംബന്ധിച്ച് മുന്‍പെടുത്ത തീരുമാനങ്ങളുമായി മുന്നോട്ട് പോകാനും രാഹുല്‍-സുധീരന്‍ ചര്‍ച്ചയില്‍ ധാരണയായി. എ, ഐ ഗ്രൂപ്പുകള്‍ക്ക് തിരിച്ചടി ആയിരിക്കുകയാണ് പുതിയ തീരുമാനം.
സംഘടനാ തെരഞ്ഞെടുപ്പ്, പുന:സംഘടന എന്നിവ സംബന്ധിച്ച് കഴിഞ്ഞയാഴ്ച സംസ്ഥാന നേതാക്കളുമായി ഹൈക്കമാന്‍ഡ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. സംഘടനാ തെരഞ്ഞെടുപ്പിന് മുന്‍പ് പുന:സംഘടന നടത്താന്‍ ഈ ചര്‍ച്ചയില്‍ ഏകദേശ ധാരണയാവുകയും ചെയ്തു. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വി എം സുധീരന്‍ എന്നിവരുമായിട്ടായിരുന്നു ചര്‍ച്ച. എന്നാല്‍ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കള്‍ക്ക് ഈ തീരുമാനത്തോട് എതിര്‍പ്പായിരുന്നു. സംഘടനാ തെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടി പുന:സംഘടന വേണ്ട എന്ന നിലപാടാണ് എ, ഐ ഗ്രൂപ്പുകള്‍ സ്വീകരിച്ചിരിക്കുന്നത്.













