ചലച്ചിത്ര മേഖലയിൽ നടിമാർ നേരിടുന്ന ദുരനുഭവങ്ങൾ തുറന്നുകാട്ടിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വെളിപ്പെടുത്തലുകളുമായി കൂടുതൽ നടിമാർ രംഗത്ത്. കേരള ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ചില ജൂനിയർ നടിമാരും ആരോപണങ്ങളുമായി രംഗത്ത് വന്നു. ജൂനിയർ ആർട്ടിസ്റ്റുകൾ കടുത്ത തൊഴിൽ ചൂഷണത്തിന് ഇരയാകുന്നതായി നടി അസ്നിയ സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി.
ജൂനിയർ ആർട്ടിസ്റ്റുകളോടുള്ള പെരുമാറ്റം മാടുകളോടെന്ന പോലെയാണെന്നും കൃത്യമായി കൂലി പോലും ലഭിക്കുന്നില്ലെന്നും അസ്നിയ പറയുന്നു. സിനിമയിൽ തുടരാൻ അഡ്ജസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുവെന്നും നടി വെളിപ്പടുത്തി.

താര സംഘടനയായ അമ്മയിൽ അംഗത്വ ഫീസിന് പകരം അഡ്ജസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടതായി മറ്റൊരു ജൂനിയർ ആർട്ടിസ്റ്റും രംഗത്ത് വന്നു. അഡ്ജസ്റ്റ് ചെയ്താൽ സിനിമയിൽ ഉരയങ്ങളിലെത്താമെന്ന് നടനും അമ്മ സെക്രട്ടറിയുമായ ഇടവേള ബാബു പറഞ്ഞതായി ജൂനിയർ ആർട്ടിസ്റ്റ് ജുബിത ആണ്ടി പറഞ്ഞു. അഡ്ജസ്റ്റ് ചെയ്തുള്ള അവസരങ്ങൾ വേണ്ടെന്ന് പറഞ്ഞുവെന്നും ഇപ്പോൾ അവസരങ്ങൾ ലഭിക്കുന്നില്ലെന്നും ജുബിത വ്യക്തമാക്കി.













