ഹൃദയാരോഗ്യത്തിനും രോഗപ്രതിരോധത്തിനും വെളുത്തുള്ളിആഹാരത്തിനു രുചിയും സുഗന്ധവും സമ്മാനിക്കുന്ന വെളുത്തുളളി നിരവധി രോഗങ്ങള്‍ക്കു മരുന്നായും ഉപയോഗിക്കുന്നു. വെളുത്തുളളിയുടെ ഒൗഷധഗുണങ്ങള്ക്കു പിന്നില്‍ അതിലുളള സള്‍ഫര്‍ അടങ്ങിയ അലിസിന് എന്ന സംയുക്തമാണ്. ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയ്ക്കെതിരേ പോരാടാനുളള ശേഷി ഇതിനുണ്ട്. ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കുന്ന ആന്റി ഓക്സിഡന്റ് സ്വഭാവവും അലിസിനുണ്ട്.
ഗ്യാസിനു പരിഹാരമുണ്ട്!

ദഹനപ്രശ്നങ്ങളാണ് ഗ്യാസിന് ഇടയാക്കുന്നത്. ആഹാരം നന്നായി ചവച്ചരയ്ക്കാതെ വിഴുങ്ങുക, ഗ്യാസിനിടയാക്കുന്ന ഭക്ഷണം അമിതമായി കഴിക്കുക, കുടലിലെ ബാക്ടീരിയ അണുബാധ, ദഹനക്രമക്കേടുകള്‍ എന്നിവയെല്ലാം ഗ്യാസിനിടയാക്കുന്നു. തീക്കനലില്‍ ചുട്ടെടുത്ത വെളുത്തുളളി കഴിക്കുന്നതു ഗ്യാസ് ട്രബിളിന് ആശ്വാസദായകം. വെളുത്തുളളിയിട്ടു തിളപ്പിച്ച വെളളം കുടിക്കുന്നതും ഗുണപ്രദം. ഗ്യാസ് അകറ്റുന്നതിനും ദഹനം ആരോഗ്യകരമായ രീതിയില്‍ സാധ്യമാകുന്നതിനും വെളുത്തുളളി സൂപ്പ് സഹായകം. വെളുത്തുളളിക്കൊപ്പം കുരുമുളക്, ജീരകം എന്നിവ ചേര്‍ത്തു തിളപ്പിച്ചാറിച്ചും ഉപയോഗിക്കാം.
പച്ചയ്ക്കു കഴിക്കാം
വിറ്റാമിന്‍ എ, ബി, ബി2, സി തുടങ്ങിയ വിറ്റാമിനുകളും പ്രോട്ടീന്‍, പൊട്ടാസ്യം, കാല്‍സ്യം, സിങ്ക്, കോപ്പര്‍, ഇരുന്പ്, സെലിനിയം, മാംഗനീസ് തുടങ്ങിയ ധാതുക്കളും വെളുത്തുളളിയെ പോഷകസന്പുഷ്ടമാക്കുന്നു. വെളുത്തുളളിയുടെ ഒൗഷധഗുണം പൂര്‍ണമായും കിട്ടണമെങ്കില്‍ പച്ചയ്ക്കു തന്നെ കഴിക്കണം. പാകം ചെയ്താല്‍ ഒൗഷധഗുണത്തിന്റെ നല്ലൊരുഭാഗം നഷ്ടപ്പെടും.
ഹൃദയത്തിനു പ്രിയം
ഹൃദയം, രക്തസഞ്ചാര വ്യവസ്ഥ എന്നിവയുമായി ബന്ധപ്പെട്ട അസുഖങ്ങളുടെ ചികിത്സയ്ക്ക് വെളുത്തുളളി സഹായകം; ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്ട്രോള്‍, കൊറോണറി ഹൃദയ രോഗങ്ങള്‍, ഹൃദയാഘാതം, ആര്‍ട്ടീരിയോ സ്ളീറോസിസ് (രക്തധമനികളുടെ കട്ടി കൂടി ഉള്‍വ്യാസം കുറയുന്ന അവസ്ഥ) എന്നിവ തടയുന്നതിനു വെളുത്തുളളി ഫലപ്രദം. 600 – 900 മില്ലിഗ്രാം വെളുത്തുളളി ശീലമാക്കുന്നത് ചീത്ത കൊളസ്ട്രോളായ എല്‍ഡിഎലിന്റെ തോതു കുറയ്ക്കുന്നതിനു സഹായകമെന്നു പഠനം. അതേസമയം നല്ല കൊളസ്ട്രോളായ എച്ച്ഡിഎലിന്റെ തോതില്‍ കുറവുണ്ടാകാതെ കരുതുന്നു. കരളില്‍ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ നിര്‍മാണം തടയുന്നു.
പ്രമേഹബാധിതര്‍ക്കും…
രക്തക്കുഴലുകള്‍ വികസിക്കുന്നതിനും രക്തസഞ്ചാരം സുഗമമാകുന്നതിനും വെളുത്തുളളി സഹായകം. രക്തം കട്ട പിടിക്കുന്നതു തടയുന്നതില്‍ വെളുത്തുളളിക്കു മുഖ്യ പങ്കുണ്ട്. ഹൈപ്പര്‍ ടെന്‍ഷന്‍ സാധ്യത കുറയ്ക്കുന്നതിന് ഇതു ഗുണപ്രദം. എന്നാല്‍ ഇത്തരം രോഗങ്ങള്‍ക്കു മരുന്നുകഴിക്കുന്നവര് വെളുത്തുളളി എത്രത്തോളം അളവില്‍ പതിവായി ഉപയോഗിക്കാം എന്നതു സംബന്ധിച്ച് ചികിത്സകന്റെ ഉപദേശം തേടാവുന്നതാണ്.
ഇന്‍സുലിന്റെ ഉത്പാദനം വര്‍ധിപ്പിച്ച് രക്തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിതമാക്കുന്നതിനു വെളുത്തുള്ളി സഹായകമെന്നു പഠനം.
പ്രായമായവരുടെ ആരോഗ്യജീവിതത്തിന്
റുമാറ്റോയിഡ് ആര്‍ത്രൈറ്റിസ് രോഗ ലക്ഷണങ്ങളായ സന്ധിവേദനയും നീര്‍വീക്കവും മറ്റും കുറയ്ക്കുന്നതിനു വെളുത്തുളളി സഹായകം. അതുപോലെതന്നെ ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിനും വെളുത്തുളളി ഉത്തമം. ശരീരത്തില്‍ നിന്നു വിഷമാലിന്യങ്ങളെ പുറന്തളളുന്നതിനു
കരളിനെ സഹായിക്കുന്നു. കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നു.
ബാക്ടീരിയ, വേദന എന്നിവ തടയുന്ന വെളുത്തുളളിയുടെ ഗുണങ്ങള്‍ പല്ലുവേദനയില്‍ നിന്ന് താത്കാലിക ആശ്വാസത്തിന് ഉതകും. വെളുത്തുളളി ചതച്ചു വേദനയുളള ഭാഗത്തു വയ്ക്കുക. എന്നാല്‍ വെളുത്തുളളിയുടെ സാന്നിധ്യം ചിലപ്പോള്‍ മോണയില്‍ അസ്വസ്ഥതകള്‍ക്ക് ഇടയാക്കും.
രോഗപ്രതിരോധശക്തി
വെളുത്തുളളിയിലുളള വിറ്റാമിനുകളായ സി, ബി6, ധാതുക്കളായ സെലിനിയം, മാംഗനീസ് എന്നിവ പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു.വൈറസ്, ബാക്ടീരിയ എന്നിവയ്ക്കെതിരേ പോരാടുന്നതിനാല്‍ ചുമ, തൊണ്ടയിലുണ്ടാകുന്ന മറ്റ് അസ്വസ്ഥതകള്‍ എന്നിവയുടെ ചികിത്സയ്ക്കു വെളുത്തുളളി ഫലപ്രദം. ശ്വസനവ്യവസ്ഥയിലെ അണുബാധയുടെ തീവ്രത കുറയ്ക്കുന്നതിനും സഹായകം. വെളുത്തുളളി ചേര്‍ത്ത ഭക്ഷണം ശീലമാക്കിയാല്‍ ഇടയ്ക്കിടെ ജലദോഷം വരുന്നത് ഒഴിവാകും. അതിലുളള ആന്റിഓക്സിഡന്റുകള്‍ രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. വെളുത്തുളളി ചേര്‍ത്ത ചായ ശീലമാക്കുന്നതും ഉചിതം. പനി തടയുന്നതിനും പനിയുടെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിനും സഹായകം. ശ്വസനവ്യവസ്ഥയിലെ തടസങ്ങള്‍ നീക്കി ശ്വസനം സുഗമമാക്കുന്നതിനും വെളുത്തുളളി ഗുണപ്രദം. മഞ്ഞുകാലത്തു ചുണ്ടിനു സമീപം ഉണ്ടാകുന്ന പഴുത്ത കുരുവില്‍ നിന്ന് ആശ്വാസമേകുന്നതിനും വെളുത്തുളളി സഹായകം. അല്പം വെളുത്തുളളി ചതച്ചു പഴുത്ത കുരുവില്‍ നേരിട്ടു പുരുക. നീരും വേദനയും കുറയും.
കാന്‍സര്‍ പ്രതിരോധത്തിന്
ചിലതരം മുഴകളുടെ വളര്‍ച്ച തടയുന്നതിനും വലുപ്പം കുറയ്ക്കുന്നതിനും വെളുത്തുളളി സഹായകം. വെളുത്തുളളിയിലെ അലൈല്‍ സള്‍ഫര്‍ കാന്‍സര്‍കോശങ്ങളുടെ വളര്‍ച്ച തടയുന്നു. കുടല്, ആമാശയം, സ്തനം, പ്രോസ്റ്റേറ്റ്, ശ്വാസകോശം തുടങ്ങിയവയിലെ കാന്‍സര്‍ സാധ്യത കുറയ്ക്കുന്നു. ബ്ലാഡര്‍, പ്രോസ്റ്റേറ്റ് കാന്‍സറുകളുടെ ചികിത്സയ്ക്കും ഗുണപ്രദം.
ബാക്ടീരിയയെ തടയുന്നു
വെളുത്തുളളിയിലെ ആന്റി ഓക്സിഡന്റുകള്‍ക്ക് ബാക്ടീരിയയെ നശിപ്പിക്കാനുളള ശേഷിയുണ്ട്. വെളുത്തുളളി ചതച്ചു മുഖക്കുരുവില്‍ പുരട്ടിയാല്‍ മുഖക്കുരുവില്‍ നിന്ന് രക്ഷനേടാം. സോറിയാസിസ് ചികിത്സയ്ക്കും വെളുത്തുളളി ഫലപ്രദമാണെന്ന് വിദഗ്ധര്‍.
പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വളര്‍ച്ച(benign prostatic hyperplasia), ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് എന്ന എല്ലുരോഗം, വയറുവേദന, സൈനസ് വീക്കം, റുമാറ്റിസം, ആസ്ത്്മ, ബ്രൊങ്കൈറ്റിസ്, ശ്വാസംമുട്ടല്‍ തുടങ്ങിയവയുടെ ചികിത്സയ്ക്കും വെളുത്തുളളി ഉപയോഗപ്പെടുത്തുന്നു.
വെളുത്തുളളിയില്‍ അടങ്ങിയ അലിസിന് എന്ന ആന്റിഓക്സിഡന്റ് മുടികൊഴിച്ചില്‍ തടയുന്നതിനു സഹായകം. വെളുത്തുളളി ചേര്‍ത്ത എണ്ണ തേച്ചു മസാജ് ചെയ്യുന്നതും മുടികൊഴിച്ചില്‍ കുറയ്ക്കുന്നതിന് ഉചിതം.
ഫംഗസ് പ്രതിരോധം
ഫംഗസ്ബാധ ഉള്‍പ്പെടെയുളള ചര്‍മരോഗങ്ങള്‍ തടയാന്‍ വെളുത്തുളളി ഫലപ്രദമെന്നു പഠനങ്ങള്‍. മാനസിക പിരിമുറുക്കം, ക്ഷീണം എന്നിവ അകറ്റുന്നു. കരളിന്റെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നു. ഭക്ഷ്യവിഷബാധ തടയുന്നതിനും വെളുത്തുളളി ഫലപ്രദമെന്ന് ഗവേഷകര്‍. വെളുത്തുളളിക്ക് ഇ കോളായ് പോലെയുളള ബാക്ടീരിയകള്‍, ആന്റി ബയോട്ടിക്കുകളെ വകവയ്ക്കാത്ത സ്റ്റെഫാലോ കോക്കസ്, സാല്‍മൊണല്ല എന്നിവയെ നശിപ്പിക്കാനുളള കഴിവുളളതായി ചില സൂചനകളുണ്ട്.
ശരീരത്തില്‍ ഫാറ്റ് കോശങ്ങള്‍ രൂപപ്പെടുന്നതു നിയന്ത്രിക്കുന്നതിനു വെളുത്തുളളിയുടെ ആന്റി ഇന്‍ഫ്ളമേറ്ററി സ്വഭാവം സഹായകമെന്ന് പഠനങ്ങള്‍. ഇത് അമിതവണ്ണം ഒഴിവാക്കുന്നു. പ്രാണികളുടെ കടിയേല്‍ക്കുന്നതു മൂലമുളള അലര്‍ജികള്‍ തടയുന്നതിനും വെളുത്തുളളി ഉത്തമം.
വെളുത്തുളളി അമിതമായാല്‍
എന്തും അധികമായാല്‍ വിഷതുല്യം. അമിതമായി കഴിച്ചാല്‍ ശ്വാസത്തിലും വിയര്‍പ്പിലും വെളുത്തുളളിയുടെ രൂക്ഷഗന്ധം നിറയും. വായിലും ആമാശയത്തിലും ചിലപ്പോള്‍ എരിച്ചിലിനും സാധ്യതയുണ്ട്.













