ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ സിദ്ധരാമയ്യ ശ്രമിക്കുന്നു – അമിത് ഷാ


ബെംഗളൂരു: കര്‍ണാടകത്തിലെ പ്രബല സമുദായമായ ലിംഗായത്തിന് പ്രത്യേക മത പദവി നല്‍കാനുള്ള തീരുമാനം ഹിന്ദുക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തന്ത്രത്തിന്റെ ഭാഗമാണെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. ബി.ജെ.പി നേതാവ് യെദ്യൂരപ്പ മുഖ്യമന്ത്രിയാകുന്നത് തടയുകയാണ് ഇതിന്റെ ലക്ഷ്യമെന്നും അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.


ഹിന്ദു, മുസ്‌ലിം, സിഖ്, ക്രിസ്ത്യന്‍ വിഭാഗക്കാരെ ഒന്നിപ്പിക്കുന്നതിനെക്കുറിച്ചാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സംസാരിക്കുന്നത്. അതേസമയം കര്‍ണാടകത്തിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഹിന്ദുക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്നു. ഇത്തരത്തിലുള്ള ആഭ്യന്തര സംഘര്‍ഷം കോണ്‍ഗ്രസില്‍ അല്ലാതെ മറ്റൊരു പാര്‍ട്ടിയിലും ഉണ്ടാവവില്ലെന്നും അമിത് ഷാ പറഞ്ഞു.


കര്‍ണാടകത്തിലെ വോട്ടെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ ആരോപണവുമായി അമിത് ഷാ രംഗത്തെത്തിയത്. ലിംഗായത്ത് സമുദായക്കാര്‍ക്ക് പ്രത്യേക മത പദവി നല്‍കാനുള്ള തീരുമാനം അടുത്തിടെയാണ് സംസ്ഥാന മന്ത്രിസഭ കൈക്കൊണ്ടത്. അന്തിമ അനുമതിക്കായി തീരുമാനം കേന്ദ്രത്തിനുവിടും.

ബി.ജെ.പിയുടെ പ്രധാന വോട്ടുബാങ്കായ ലിംഗായത്ത് സമുദായത്തെ ലക്ഷ്യംവച്ചാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ഈ സമുദായത്തില്‍പ്പെട്ടയാളാണ് ബി.ജെ.പിയുടെ ശക്തനായ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യെദ്യൂരപ്പ. യെദ്യൂരപ്പ മുഖ്യമന്ത്രിയാകുന്നത് തടയുകയാണ് തീരുമാനത്തിലൂടെ യെദ്യൂരപ്പ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന ആരോപണവുമായാണ് അമിത് ഷാ രംഗത്തെത്തിയിട്ടുള്ളത്.



Sharing is Caring