കൊച്ചി: ഹാരിസണ്‍ മലയാളം കേസില്‍ സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജികള്‍ കോടതി തള്ളുകയും ചെയ്തു. ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്.
രാജമാണിക്യം അന്വേഷണ റിപ്പോര്‍ട്ട് കോടതി പൂര്‍ണമായും തള്ളി. ഹാരിസണിന്റെ കൈവശമുള്ള 38,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കണമെന്നായിരുന്നു കമ്മീഷന് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. ഇതും കോടതി റദ്ദാക്കി.

വന്‍കിട കമ്പനികളുടെ നിലനില്പ് സംസ്ഥാനത്തിന് ആവശ്യമാണെന്നും ജനാഭിലാഷം നോക്കിയല്ല സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും ചൂണ്ടിക്കാട്ടിയ കോടതി നിയമങ്ങളെ അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍, റോബിന്‍ഹുഡ് ആകരുതെന്നും നിരീക്ഷിച്ചു.













