ഹജ്ജ് അപേക്ഷാഫോറം വിതരണം ഇന്നു മുതല്‍


കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് പോകുന്നവര്‍ക്കായുള്ള അപേക്ഷാ ഫോം വിതരണം ഇന്നു മുതല്‍ ആരംഭിക്കും. അപേക്ഷകള്‍ നേരിട്ടും, ഓണ്‍ലൈന്‍ വഴിയും സമര്‍പ്പിക്കുന്നതിന് പുറമെ ഇത്തവണ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും നല്‍കാം. അപേക്ഷാ ഫോമിന്റെ വിതരണവും തെരഞ്ഞെടുക്കപ്പെട്ട ഹജ്ജ് ട്രെയിനര്‍മാര്‍ക്കുള്ള ആദ്യഘട്ട പരിശീലനവും ഹജ്ജ് ഹൗസില്‍ ഇന്ന് രാവിലെ ഒന്‍പതിന് ഹജ്ജ് കാര്യവകുപ്പ് മന്ത്രികൂടിയായ ഡോ.കെ.ടി ജലീല്‍ നിര്‍വഹിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ 24ന് മുന്‍പായി കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ സമര്‍പ്പിക്കണം.
കരിപ്പൂര്‍ ഹജ്ജ് ഹൗസ്, സംസ്ഥാനത്തെ മുഴുവന്‍ കലക്‌ട്രേറ്റുകളിലെയും ന്യൂനപക്ഷ സെല്‍, കോഴിക്കോട് പുതിയറയിലെ മദ്‌റസാ അധ്യാപക ക്ഷേമനിധി ഓഫിസ് എന്നിവിടങ്ങളില്‍ നിന്ന് ഹജ്ജ് അപേക്ഷ ഫോമുകള്‍ സൗജന്യമായി ലഭിക്കും.നേരിട്ട് അപേക്ഷാഫോം ലഭിക്കുന്നതിന് അപേക്ഷകരുടെ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ ഹാജരാക്കണം. ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാഫോം ലഭിക്കും. ഓണ്‍ലൈന്‍ വഴിയും, മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഇത്തവണ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.




Sharing is Caring