തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പണിമുടക്കില്‍ വെട്ടിലായത് ജനം. ആശുപത്രികളില്‍ ഒപി പ്രവര്‍ത്തിക്കുന്നില്ല. വ്യാഴാഴ്ച വൈകി സമരം പ്രഖ്യാപിച്ചതിനാല്‍ ഈ വിവരം അറിയാതെ മിക്കവരും ആശുപത്രിയില്‍ എത്തി. ഇതേതുടര്‍ന്ന് അവശനിലയില്‍ ആശുപത്രിയില്‍ എത്തിയവര്‍ പോലും കുടുങ്ങി. മെഡിക്കല്‍ കോളേജുകള്‍ ഒഴികെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരാണ് പണിമുടക്കുന്നത്. അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കും.
ആവശ്യമായ ഡോക്ടര്‍മാരേയും ജീവനക്കാരേയും നിയമിക്കാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സായാഹ്ന ഒപി ആരംഭിച്ചതില്‍ പ്രതിഷേധിച്ചാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. മുന്നൊരുക്കമില്ലാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സായാഹ്ന ഒപികള്‍ തുടങ്ങിയതില്‍ പ്രതിഷേധിച്ചു ജോലിയില്‍നിന്നു വിട്ടുനിന്ന പാലക്കാട് കുമരംപുത്തൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോ. ലതികയെ സസ്പെന്‍ഡ് ചെയ്യുകയും രണ്ടു ഡോക്ടര്‍മാര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണ് സമരം പ്രഖ്യാപിച്ചത്. മെഡിക്കല്‍ കോളജ് ഒഴികെയുള്ള ആശുപത്രികളിലാണ് സമരം.

ജോലിക്കു ഹാജരാകാത്ത ഡോക്ടര്‍മാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ മുന്നറിയിപ്പു നല്കി. സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതി തകര്‍ക്കാനുള്ള ശ്രമമാണു ഡോക്ടര്‍മാരുടെ സമരത്തിനു പിന്നിലെന്നും ആരോഗ്യമന്ത്രി ആരോപിച്ചു.













