കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ‘സൗഭാഗ്യ’ പദ്ധയില്‍ സൗജന്യ വൈദ്യുതി നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 2019 ഓടെ എല്ലാവര്‍ക്കും വൈദ്യുതി എന്ന ലക്ഷ്യവുമായാണ് കേന്ദ്രസര്‍ക്കാര്‍ (സഹജ് ബിജ്ലി ഹര്‍ ഘര്‍ യോജന) ‘സൗഭാഗ്യ പദ്ധതി പ്രഖ്യാപിച്ചത്.
വാസ്തവത്തില്‍ 2005 മുതല്‍ നിലവിലുള്ള പാവങ്ങള്‍ക്കുള്ള സൗജന്യ വൈദ്യുത കണക്ഷന്‍ പദ്ധതി പുതിയ രൂപത്തില്‍ സര്‍ക്കാര്‍ അവതരിപ്പിക്കുകയായിരുന്നു. ഇതില്‍ സൗജന്യ വൈദ്യുതിയും ഉള്‍പ്പെടുമെന്ന റിപ്പോര്‍ട്ടുകളാണ് കേന്ദ്ര ഊര്‍ജ മന്ത്രാലയം തള്ളിക്കളഞ്ഞത്.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ ഉള്‍പ്പെടെ ഒരു വിഭാഗത്തിനും സൗജന്യ വൈദ്യുതി നല്‍കാന്‍ പദ്ധതിയില്ലെന്നാണ് കേന്ദ്ര ഉര്‍ജ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. പദ്ധതി പ്രകാരം വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നവര്‍ അതാത് സംസ്ഥാനങ്ങള്‍ നിശ്ചയിച്ചിരിക്കുന്ന നിരക്ക് നല്‍കേണ്ടതുണ്ടെന്നാണ് കേന്ദ്ര ഊര്‍ജമന്ത്രാലയം ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്.
സൗഭാഗ്യ പദ്ധതിയനുസരിച്ച് സമീപമുള്ള വൈദ്യുതി പോസ്റ്റില്‍ നിന്ന് വീട്ടിലേക്ക് കണക്ഷന്‍ നല്‍കുന്നതിന് പുറമെ വൈദ്യുത മീറ്റര്‍, ഒരു എല്‍ഇഡി ബള്‍ബിനുള്ള പോയിന്റ്, ഒരു മൊബൈല്‍ ചാര്‍ജിങ് പോയിന്റ് എന്നിവ സര്‍ക്കാര്‍ നല്‍കും. 500 രൂപ മാത്രമാണ് ഇത്തരത്തില്‍ വൈദ്യുത കണക്ഷന്‍ ലഭിക്കാനായി നല്‍കേണ്ടത്. ഈ തുക 10 തവണകളായി തിരികെ അടച്ചാല്‍ മതി.
നിലവിലുള്ള ദീനദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി യോജന പദ്ധതിയില്‍ നിന്ന് വ്യത്യസ്തമായ പദ്ധതിയാണ് ‘സൗഭാഗ്യ’യെന്നാണ് കേന്ദ്രം പറയുന്നത്. ദീന്‍ദയാല്‍ പദ്ധതിപ്രകാരം പാവപ്പെട്ടവര്‍ക്ക് സൗജന്യ നിരക്കില്‍ വൈദ്യുത കണക്ഷന്‍ ലഭിക്കുമെങ്കിലും പദ്ധതിക്ക് അര്‍ഹരായവരെ സംസ്ഥാന സര്‍ക്കാരുകളുടെ പട്ടികയില്‍ നിന്നാണ് കണ്ടെത്തുന്നത്. എന്നാല്‍ അര്‍ഹതപ്പെട്ടവര്‍ പലരും ഒഴിവാക്കപ്പെടുന്നു എന്ന് കണ്ടതിനെ തുടര്‍ന്നാണ് ‘സൗഭാഗ്യ’ പദ്ധതി കേന്ദ്രം അവതരിപ്പിച്ചത്.
ഇതിനായി അര്‍ഹതപ്പെട്ടവരെ കണ്ടെത്തുന്നത് 2011 ലെ സാമൂഹിക- സാമ്ബത്തിക സെന്‍സ് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ്. വിശദമായ പദ്ധതി റിപ്പോര്‍ട്ട് നല്‍കുന്ന മുറയ്ക്ക് സംസ്ഥാനങ്ങള്‍ക്കുള്ള സബ്സിഡി കേന്ദ്രം നല്‍കും.













