സൗദിയിൽ സ്ത്രീകൾക്ക് ഇനി സ്പോർട്സ് സ്റ്റേഡിയങ്ങളിൽ പ്രവേശിക്കാം


സൗദിയിൽ വനിതകൾക്ക് കായിക മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ അനുമതിയായി. 2018 മുതൽ ഇത് നിലവിൽ വരുമെന്നാണ് വിവരം. ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാൻ തുർക്കി അലി അഷെയ്ക് ആണ് ഈ വിവരം അറിയിച്ചത്. ഈ മാസം ആദ്യം, റിമ ബിൻ ബന്ദർ രാജകുമാരി സൗദി ഫെഡറേഷൻ ഓഫ് സ്പോർട്സ് കമ്മിറ്റിയുടെ തലപ്പത്തെത്തിയിരുന്നു. ഇതോടെയാണ് കായിക മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയത്തിലേക്കുള്ള വനിതകളുടെ വരവിന് സൂചനയായത്.


സൗദിയിൽ സമസ്ത മേഖലയിലും വനിതാ പ്രാതിനിധ്യം കുറവാണെന്നുള്ള വിമർശനം നേരത്തെ ശക്തമായിരുന്നു. വനിതകൾക്ക് വാഹനമോടിക്കാനുള്ള അനുവാദം നല്കിക്കൊണ്ട് സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദ് ഈ വിമർശനങ്ങളുടെ മുനയൊടിച്ചിരുന്നു, ഇതിനു പിന്നാലെയാണ് ഇപ്പോൾ കായിക രംഗത്തും വനിതാ സാന്നിധ്യം ഉറപ്പാക്കാൻ സൗദി ഭരണകൂടം തീരുമാനിച്ചത്.




Sharing is Caring