ദമാമിലെ സൈഹാത്തില്‍ സുരക്ഷാ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. പിടികിട്ടാപ്പുള്ളികളായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച രണ്ടു ഭീകരര്‍ ദമാം ഗവര്‍ണര്‍ മുമ്പാകെ കീഴടങ്ങി. ബന്ധുക്കളുടെ ശ്രമമാണ് ഇവരെ കീഴടങ്ങാന്‍ പ്രേരിപ്പിച്ചത്. ഒരു മാസത്തിലേറെയായി സുരക്ഷാ സൈന്യം തിരച്ചില്‍ ഊര്‍ജിതമാക്കിയ പ്രദേശമാണ് ദമാമിലെ ഖത്തീഫും പരിസരപ്രദേശങ്ങളും. ഒരാഴ്ചയ്ക്കിടെ രണ്ടാം ഏറ്റുമുട്ടലാണ് സൈന്യവും ഭീകരരും തമ്മില്‍ ഇവിടെ നടന്നത്. ഭീകരരുടെ നീക്കങ്ങള്‍ നിരീക്ഷിച്ച സുരക്ഷാവകുപ്പു ഏറ്റുമുട്ടലിലാണ് ഇവരെ കീഴടക്കിയത്.
ഭീകരരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചു. സുരക്ഷാ സൈനികര്‍ക്കു നേരേ ഭീകരര്‍ നിരന്തരം വെടിയുതിര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഒരു ഭീകരന്‍ കൊല്ലപ്പെട്ടത്. മറ്റ് രണ്ട് ഭീകരര്‍ അറസ്റ്റിലായി. ഇതില്‍ ഒരാള്‍ക്ക് പരിക്കേറ്റു. മൂന്നാഴ്ച മുമ്പ് സൈഹാത്തില്‍ മൂന്ന് ഭീകരര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. അല്‍ സുഹൂറില്‍ നടന്ന ഏറ്റുമുട്ടലില്‍ ജഅ്ഫര്‍ അല്‍ മുബൈരിക്, സ്വാദിഖ് അല്‍ദര്‍വേശ്, ഹസന്‍ അബൂ അബ്ദുല്ല എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ സ്വദേശി പൗരന്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അല്‍മുസവ്വറയിലെ വീടുകളില്‍നിന്ന് മാറിത്താമസിക്കുന്നതിന് പ്രദേശവാസികളെ കൊണ്ടുപോയ ബസിന് നേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്.














