തിരുവനന്തപുരം: ഡിപ്ലോമാറ്റിക് കാര്‍ഗോ സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ ഫ്ളാറ്റില്‍ കസ്റ്റംസ് പരിശോധന. തിരുവനന്തപുരം അമ്ബലമുക്കിലെ ഫ്ളാറ്റിലാണ് പരിശോധന. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയാണ് സ്വപ്ന സുരേഷ്.
ഐടി വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിലെ ജീവനക്കാരിയിരുന്നു സ്വപ്ന. കേസുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. സരിത്തും സ്വപ്ന സുരേഷും നേരത്തെ കോണ്‍സുലേറ്റില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നു. അന്നും ഇവര്‍ കള്ളക്കടത്ത് നടത്തിയിരുന്നുവെന്നാണ് കസ്റ്റംസ് കണ്ടെത്തിയത്.

പിന്നീട് ചില പ്രശ്നങ്ങളുടെ പേരില്‍ സ്വപ്നയെയും സരിത്തിനെയും കോണ്‍സുലേറ്റില്‍ നിന്നും പുറത്താക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് യുഎഇ കോണ്‍സുലേറ്റിലേക്ക് എന്ന പേരിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജില്‍നിന്ന് 30 കിലോ സ്വര്‍ണം പിടികൂടിയത്.













