കോഴിക്കോട്: ജന്മനാട്ടില് നടന്ന വോളിബോള്‍ ചാമ്ബ്യന്‍ ഷിപ്പ് കാണാനെത്തിയ അര്‍ജുനാ അവാര്‍ഡ് ജേതാവ് ടോം ജോസഫിന് സംഘാടകരുടെ കടുത്ത അഗണന. 17 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം മണ്ണില്‍ നടക്കുന്ന കളികാണാന്‍ എത്തിയ താരം ക്യൂ നിന്നാണ് ടിക്കറ്റെടുത്തത്.
സ്വന്തം ജില്ലയില്‍ നടക്കുന്ന ഒരു ദേശീയ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിക്കാത്തതിലുള്ള വിവാദം കത്തുന്നതിനിടെയാണ് അദ്ദേഹം ടിക്കറ്റെടുത്തു കളി കാണാന്‍ എത്തിയത്. ടോമിനു പാസ് പോലും നല്കാന് അധികൃതര്‍ തയാറായില്ലെന്നു വിമര്‍ശനമുണ്ട്.

എന്നാല്‍ ഒന്നരപ്പതിറ്റാണ്ട് ഇന്ത്യക്കുവേണ്ടി സ്മാഷുതിര്‍ത്ത ടോമിനെ കോഴിക്കോട്ടെ ജനം ആവേശത്തോടെയാണ് വരവേറ്റത്. കാലിക്കറ്റ് ട്രേഡ് സെന്റര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തിയ ടോമിനെ ആവേശത്തോടെ ജയ് വിളിച്ചാണ് ആരാധകര്‍ എതിരേറ്റത്. അസോസിയേഷനുകളെയല്ല, കളിക്കാരെയാണു ജനം നെഞ്ചേറ്റുന്നതെന്നു വിളിച്ചറിയിക്കുന്നതായിരുന്നു കാണികളുടെ ആരവം.
കേരളത്തിന്റെയും പഞ്ചാബിന്റെയും താരങ്ങള്‍ മത്സരത്തിനായി തയ്യാറെടുക്കുന്നതിനിടെയിലാണ് ഗാലറിയെ ഇളക്കിമറിച്ച് ടോം എത്തിയത്. കാണികള്‍ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കയ്യടികളോടെ അദ്ദേഹത്തെ വരവേറ്റു. കാണികള്‍ക്കിടയില്‍ കൂട്ടുകാര്‍ക്കൊപ്പം 200 കൊടുത്ത് ടിക്കറ്റെടുത്താണ് ടോം ജോസഫ് ഇരുന്നത്. ഞങ്ങള്‍ ഒപ്പമുണ്ടെന്ന് ഫ്ളക്സ് ബോര്‍ഡുകളുമായി ആരാധകര്‍ താരത്തിനെ എതിരേറ്റു. ടോമിന് അഭിവാദ്യം അര്‍പ്പിച്ചുള്ള മുദ്രാവാക്യം വിളികള്‍ക്ക് പിന്നാലെ സംഘാടകസമിതിക്കെതിരേ ഗാലറിയില്‍ പ്രതിഷേധ മുദ്രാവാക്യം വിളികളും ഉയര്‍ന്നു
കളത്തിലെ കളി മറന്ന് കാണികള്‍ ടോമിനെ ഒരുനോക്ക് കാണുവാനും ഒപ്പംനിന്നു ഫോട്ടോയെടുക്കാനും മുദ്രാവാക്യം മുഴക്കാനും മത്സരിച്ചു. ടോമിനരികിലെ തിരക്ക് കുറയ്ക്കാന്‍ കനത്ത പൊലീസ് സന്നാഹം ചുറ്റും നിരന്നു. വോളിബോള്‍ സംഘാടകര്‍ക്കെതിരെ ആരാധകരുടെ പ്രതിഷേധം ഇരമ്ബിയതോടെ മുഖം രക്ഷിക്കാനായി സംഘാടകസമിതിയില്പെട്ട പി രാജീവ്, ഖാലിദ് എന്നിവരടക്ക സംഘാകരില്‍ ചിലര്‍ ടോമിനെ അനുനയിപ്പിച്ച് വേദിയിലേക്ക് ക്ഷണിക്കാനെത്തിയെങ്കിലും ടോം അത് നിരസിച്ചു.
സ്ഥിതിഗതികള്‍ വഷളാകുന്ന സാഹചര്യം സംജാതമായതോടെ പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി സംഘാടകരെ തിരിച്ചയച്ചു. ടോം മത്സരം അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് സ്റ്റേഡിയത്തിന് പുറത്തു കടന്നു.













