സ്മൃതിക്ക് സെഞ്ചുറി, ഇന്ത്യയ്ക്ക് രണ്ടാം ജയം


വനിതാ ലോകകപ്പിലെ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. രണ്ടാം മത്സരത്തില്‍ നിലവിലെ റണ്ണറപ്പുകളായ വെസ്റ്റിന്‍ഡീസിനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്.
ആദ്യം ബാറ്റ് ചെയ്ത് ബാറ്റിങ് തകര്‍ച്ച നേരിട്ട വിന്‍ഡീസിന് ഇന്ത്യയ്ക്കെതിരെ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് മാത്രമാണ് നേടാനായത്. തുടക്കത്തില്‍ ഒന്ന് പതറിപ്പോയെങ്കിലും പെട്ടന്ന് തിരിച്ചുവന്ന ഇന്ത്യ 42.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു.
ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ പൂനം റാവത്തിനെയും (0) എട്ടാം ഓവറില്‍ ദീപ്തി ശര്‍മയെയും (6) നഷ്ടപ്പെട്ട് വിറച്ചുപോയ ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മിന്നുന്ന ഫോം പ്രകടിപ്പിച്ച സ്മൃതി മന്ദനയുടെ സെഞ്ചുറിയാണ. 108 പന്തില്‍ നിന്ന് പുറത്താകാതെ 106 റണ്‍സാണ് മന്ദന നേടിയത്. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തില്‍ 90 റണ്‍സെടുത്തിരുന്നു മന്ദന.
മന്ദനയ്ക്ക് ക്യാപ്റ്റന്‍ മിഥാലി രാജ് മികച്ച പിന്തുണ നല്‍കി. മിഥാലി രാജ് 88 പന്തില്‍ നിന്ന് 46 റണ്‍സ് നേടി.
വിന്‍ഡീസിനുവേണ്ടി കോണെല്‍, ടെയ്ലര്‍, മാത്യൂസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന് ഒരിക്കല്‍പ്പോലും ഇന്ത്യയ്ക്കെതിരെ പിടിച്ചുനില്‍ക്കാനായില്ല. ഹെയ്ലി മാത്യൂസ് (43), ഡാലെ (33), ഫ്ളെച്ചര്‍ (36 നോട്ടൗട്ട്) എന്നിവര്‍ ഒഴികെ മറ്റുള്ളവര്‍ക്കാര്‍ക്കും കാര്യമായി റണ്‍ സംഭാവന ചെയ്യാനായില്ല. ഒരൊറ്റ നല്ല കൂട്ടുകെട്ട് പോലും പടുത്തുയര്‍ത്താന്‍ വിന്‍ഡീസ് താരങ്ങള്‍ക്ക് കഴിഞ്ഞില്ല. വാള്‍ട്ടേഴ്് (9), ക്യാപ്റ്റന്‍ ടെയ്ലര്‍ (16), ഡോട്ടിന്‍ (7), അഗ്യുല്ലെരിയ (6) എന്നിവര്‍ നിസാര സ്കോറിന് പുറത്തായതാണ് വിന്‍ഡീസിന് തിരിച്ചടിയായത്.
ഇന്ത്യയ്ക്കുവേണ്ടി ഹര്‍മന്‍പ്രീത് കൗറും പൂനം യാദവും രണ്ട് വിക്കറ്റ് വീതവും ഏകത ഭിഷ്ട് ഒരു വിക്കറ്റും വീഴ്ത്തി.




Sharing is Caring