സോളാര്‍ റിപ്പോര്‍ട്ട് നിഷ്പക്ഷമെങ്കില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരുമുണ്ടാകും: സരിത


സോളാര്‍ കമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിഷ്പക്ഷമെങ്കില്‍ പ്രതിസ്ഥാനത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരുമുണ്ടാകുമെന്ന് കേസിലെ മുഖ്യപ്രതി സരിത എസ്. നായര്‍. സോളാര്‍ തട്ടിപ്പില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് വ്യക്തിപരമായി പങ്കുണ്ടെന്നും സരിത പറഞ്ഞു.
ചൊവ്വാഴ്ച വൈകിട്ടാണ് ജസ്റ്റിസ് ജി.ശിവരാമന്‍ മുഖ്യമന്ത്രി പിണറായി വിജയന് സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംഭവത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. വിശദമായ റിപ്പോര്‍ട്ട് പുറത്തുവരാത്തതിനാല്‍ തട്ടിപ്പില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് നേരിട്ട് പങ്കുള്ളതായി കമ്മിഷന്‍ കണ്ടെത്തിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് കേസിലെ മുഖ്യപ്രതി സരിതയുടെ പ്രതികരണം.
ആരോപണങ്ങളില്‍ നിന്നും ഒരിഞ്ചുപോലും പുറകോട്ടില്ല. ഈ കേസില്‍ ഞാനുള്‍പ്പെടെ ഏതാനും പേര്‍ മാത്രമാണ് പ്രതികളെന്ന് പറയുന്നത്. കാറ്റാടിപ്പാടം എന്ന പദ്ധതി തന്നെ ഇതിനുവേണ്ട സ്ഥലം സര്‍ക്കാര്‍ ലീസിനു കൊടുക്കാമെന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഉറപ്പിന്‍മേലാണ് ആരംഭിച്ചത്. എന്നാല്‍, ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയാണ് ബാക്കിയുള്ളവരെ പ്രതിയാക്കിയത്.
എല്ലാവരും തെറ്റുചെയ്തവരാണെന്ന് പറയുന്നില്ല. ഞങ്ങളെ കരുവാക്കിക്കൊണ്ടുള്ള ഒരു മാസ്റ്റര്‍ ബ്രെയിന്‍ ഇതിനു പിന്നില്‍ ഉണ്ടായിരുന്നു. അത് ചൂണ്ടിക്കാണിച്ച്‌ യുഡിഎഫ് ഭരണകാലത്ത് പരാതികള്‍ നല്‍കിയിരുന്നെങ്കിലും അന്നത് കള്ളന്റെ കൈയില്‍ താക്കോല്‍ കൊടുക്കുന്നതു പോലെയായിരുന്നെന്നും സരിത പറഞ്ഞു.




Sharing is Caring