സോളാര്‍ റിപ്പോര്‍ട്ടിലുള്ളത് ഗുരുതര ആരോപണങ്ങള്‍; ഹര്‍ത്താലുമായി സഹകരിച്ചില്ലെന്ന് വി.ഡി സതീശന്‍


സോളാര്‍ കേസിലെ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളത് ഗുരുതരമായ ആരോപണങ്ങളാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍ എം.എല്‍.എ. പാര്‍ട്ടി ഗൗരവത്തോടെയാണ് ഇക്കാര്യങ്ങളെ കാണുന്നതെന്നും ഇതുസംബന്ധിച്ച് ഹൈക്കമാന്‍ഡിനെ വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.
റിപ്പോര്‍ട്ട് പുറത്തുവിടാനാവില്ല, നിയമസഭയിലെ വയ്ക്കൂ എന്നാണ് സര്‍ക്കാര്‍ നിലപാട്. എങ്കില്‍ ഒരു ദിവസത്തേക്കെങ്കിലും നിയമസഭ വിളിച്ചുചേര്‍ത്ത് റിപ്പോര്‍ട്ട് വയ്ക്കണം. ആരോപണ വിധേയര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാത്തതിലൂടെ സര്‍ക്കാര്‍ സ്വാഭാവിക നീതി നിഷേധിച്ചുവെന്നും സതീശന്‍ കുറ്റപ്പെടുത്തി.
റിപ്പോര്‍ട്ടിനെ ഗൗരവത്തോടെ തന്നെ കാണണം. റിപ്പോര്‍ട്ടിനെ കുറിച്ചുള്ള തന്റെ അഭിപ്രായം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ പറയും. രാഷ്ട്രീയകാര്യ സമിതി ഇക്കാര്യം ചര്‍ച്ച ചെയ്യണം. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സോളാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആരായുക മാത്രമാണ് ചെയ്തത്. ഹൈക്കമാന്‍ഡ് പിന്തുണ ഉണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്റെ പ്രസ്താവനയെ കുറിച്ച് അദ്ദേഹത്തിനെ അറിയൂ. ഹൈക്കമാന്‍ഡ് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുമുണ്ട്.
ഹര്‍ത്താലിന് എതിരായ തന്റെ നിലപാടില്‍ മാറ്റമില്ല. അതുകൊണ്ടുതന്നെ ഇന്നലെ യു.ഡി.എഫ് നടത്തിയ ഹര്‍ത്താലുമായി താന്‍ സഹകരിച്ചിട്ടില്ലെന്നും സതീശന്‍ വ്യക്തമാക്കി




Sharing is Caring