സുരക്ഷ നല്‍കാനാവില്ലെന്ന് പൊലീസ്, യാത്ര മാറ്റിവയ്‌ക്കാമെന്ന് യുവതികള്‍


കോട്ടയം: ശബരിമല ദര്‍ശനത്തിന് സുരക്ഷ നല്‍കാനാവില്ലെന്ന് പൊലീസ് അറിയിച്ചതോടെ യാത്ര മാറ്റിവയ്‌ക്കാന്‍ തയ്യാറാണെന്ന് കനകദുര്‍ഗയും ബിന്ദുവും അറിയിച്ചു. ശബരിമലയിലെ തിരക്ക് കണക്കിലെടുത്ത് സുരക്ഷ നല്‍കാനാവില്ലെന്നാണ് പൊലീസ് ഇവരോട് അറിയിച്ചത്. തുടര്‍ന്ന് യുവതികള്‍ യാത്ര മാറ്റിവയ്‌ക്കുകയായിരുന്നു.


തിങ്കളാഴ്‌ച രാവിലെയാണ് മലപ്പുറം സ്വദേശിയായ കനകദുര്‍ഗയും കോഴിക്കോട് സ്വദേശി ബിന്ദുവും പൊലീസ് സംരക്ഷണയില്‍ സന്നിധാനത്തിന് സമീപം വരെ എത്തിയത്. എന്നാല്‍ ഭക്തരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇവരെ പൊലീസ് തിരിച്ചിറക്കുകയായിരുന്നു. ക്രമസമാധാന പ്രശ്നത്തെ തുടര്‍ന്നാണ് യുവതികളെ തിരിച്ചിറക്കുന്നതെന്നാണ് പൊലീസ് ഒൗദ്യോഗികമായി അറിയിച്ചത്. ഇതിനിടെ മലപ്പുറം സ്വദേശിയായ കനകദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച്‌ ചികിത്സ നല്‍കി.


അതേസമയം, ക്രമസമാധാന പ്രശ്നങ്ങള്‍ പരിഹരിച്ചതിന് ശേഷം തങ്ങളെ വീണ്ടും മലകയറ്റണമെന്ന് യുവതികള്‍ പൊലീസിനോട് ആവശ്യപ്പെട്ടു. പൊലീസ് തങ്ങളെ നിര്‍ബന്ധിച്ച്‌ തിരിച്ചിറക്കുകയാണെന്നും ദുര്‍‌ഗയ്ക്ക് ദേഹാസ്വാസ്ഥ്യം ഇല്ലെന്നും ബിന്ദു മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ സന്നിധാനത്തെ തിരക്ക് കണക്കിലെടുത്ത് ഇരുവര്‍ക്കും സുരക്ഷ നല്‍കാന്‍ അവില്ലെന്നായിരുന്നു പൊലീസിന്റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇരുവരുമായും ചര്‍ച്ച നടത്തി. ഇതിന് ശേഷമാണ് യുവതികള്‍ തങ്ങളുടെ യാത്ര മാറ്റിവയ്‌ക്കാമെന്ന് അറിയിച്ചത്.



Sharing is Caring