കെപിസിസി അധ്യക്ഷൻ വിഎം സുധീരനെതിരെ പരാതിയുമായി എ,ഐ ഗ്രൂപ്പുകാർ ഹൈക്കമാൻഡിനു മുന്നിലെത്തി.
ബാറുടമ ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയത്തിൽ പങ്കെടുത്ത നേതാക്കളെ വിമർശിച്ചതാണ് എ,ഐ ഗ്രൂപ്പുകാരെ ചെടിപ്പിച്ചത്. മുതിർന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും എതിരായ പരാമര്‍ശത്തിലാണ് സുധീരനെതിരെ പരാതി നൽകിയിട്ടുള്ളത്.

ബാര്‍ കോഴയാരോപണം ഉന്നയിച്ച് യുഡിഎഫ് സര്‍ക്കാറിനെ ബുദ്ധിമുട്ടിലാക്കിയ ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയത്തിന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പോയത് തീർത്തും തെറ്റായി പോയെന്ന് കഴിഞ്ഞ ദിവസം സുധീരന്‍ തുറന്നടിച്ചിരുന്നു.
ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയത്തിനല്ലെന്നും മറിച്ച് മുതിർന്ന നേതാക്കൾ പങ്കെടുത്തത് സഹപ്രവര്‍ത്തകനായ അടൂര്‍ പ്രകാശിന്‍റെ മകന്‍റെ വിവാഹം ഉറപ്പിക്കൽ ചടങ്ങിലാണെന്ന് കേരളത്തിന്‍റെ ചുമതല വഹിക്കുന്ന എഐസിസി ജനറൽ സെക്രട്ടറി മുകുള്‍ വാസ്‌നികിന് അയച്ച ഫാക്‌സിൽ പരാതിപ്പെടുന്നു.












