സിംബാബ്‌വേ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ രാജിവച്ചു


അനിശ്ചിതത്വത്തിനൊടുവില്‍ സിംബാബ്‌വേ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ രാജിവച്ചു. 37 വര്‍ഷം നീണ്ട മുഗാബെ യുഗത്തിന് ഇതോടെ അന്തിമമായി. ഇംപീച്ച്‌മെന്റ് നടപടിയുമായി പാര്‍ലമെന്റ് മുമ്പോട്ടു പോകവെയാണ് മുഗാബെയുടെ രാജി. ഇംപീച്ച്‌മെന്റ് നടപടി ഇതോടെ ഉപേക്ഷിച്ചതായി രാജി സ്വീകരിച്ച ശേഷം സ്പീക്കര്‍ ജേക്കബ് മുഡേണ്ട അറിയിച്ചു.


പട്ടാളം അട്ടിമറി നടത്തുകയും മുഗാബെയെ വീട്ടു തടങ്കലിലാക്കുകയും ചെയ്തതോടെയാണ് സിംബാബ്‌വേയുടെ രാഷ്ട്രീയം കലങ്ങിമറിയുന്നത്. 93 കാരനായ മുഗാബെയില്‍ നിന്ന് അധികാരം കൈക്കലാക്കാന്‍ ഭാര്യ ഗ്രേസ് ശ്രമിക്കുന്നുവെന്നു കണ്ടതോടെയാണ് സൈനിക അട്ടിമറിയെന്നാണ് വിശദീകരണം. തുടര്‍ന്ന് മുഗാബെയെയും ഭാര്യയെയും സൈന്യം വീട്ടു തടങ്കലിലാക്കുകയും ചെയ്തിരുന്നു.രണ്ടു ദിവസങ്ങള്‍ക്കു ശേഷം പൊതുവേദിയില്‍ എത്തിയ മുഗാബെ രാജിവയ്ക്കില്ലെന്നും പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും പ്രഖ്യാപിച്ചു. എന്നാല്‍ ഭരണകക്ഷി കേന്ദ്ര കമ്മിറ്റി യോഗം ചേര്‍ന്ന് മുഗാബെയെ നേതൃപദവിയില്‍ നീക്കം ചെയ്യുകയും ഇംപീച്ച്‌മെന്റിന് സമ്മര്‍ദം ചെലുത്തുകയും ചെയ്തു. രാജിവയ്ക്കണമെന്ന് മുഗാബെയോട് ആവശ്യപ്പെട്ടെങ്കിലും ഇല്ലെന്ന് ഉറപ്പിച്ചു പറയുകയാണ് മുഗാബെ ചെയ്തത്. ഒടുവില്‍ ഇംപീച്ച്‌മെന്റ് നടപടിയുമായി പാര്‍ലമെന്റ് മുമ്പോട്ടു പോയി. ഇതോടെയാണ് മുഗാബെ രാജിവച്ചത്.




Sharing is Caring