തൃശൂര്‍: 22ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സി.പി.എം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. രാവിലെ പ്രതിനിധി സമ്മേളന നഗരിയായ റീജനല്‍ തിയറ്ററില്‍ മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന് പതാക ഉയര്‍ത്തിയതോടെ ആണ് സമ്മേളനത്തിന് ഒൗദ്യോഗിക തുടക്കമായത്. തുടര്‍ന്ന് നേതാക്കളും സമ്മേളന പ്രതിനിധികളും രക്തസാക്ഷി സ്തൂപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. അതിന് ശേഷം റിപ്പോര്‍ട്ടില്‍ പൊതുചര്‍ച്ച. 25ന് ഉച്ചവരെ പ്രതിനിധി സമ്മേളനം തുടരും. തുടര്‍ന്ന് പുതിയ സെക്രട്ടറിയെയും സംസ്ഥാന സമിതി അംഗങ്ങളെയും തിരഞ്ഞെടുത്ത ശേഷം പ്രതിനിധി സമ്മേളനം അവസാനിക്കും. വൈകീട്ട് കാല് ലക്ഷം റെഡ് വളന്റിയര്‍ മാര്‍ച്ച് നടക്കും. തുടര്‍ന്ന് രണ്ടുലക്ഷം പേര് അണിനിരക്കുന്ന പൊതുസമ്മേളനത്തോടെ സമ്മേളനത്തിന് കൊടിയിറങ്ങും.

പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സമ്മേളനം എന്ന നിലക്ക് ദേശീയതലത്തില്‍ കൈക്കൊള്ളേണ്ട നയത്തിനുള്പ്പെടെ സമ്മേളനം രൂപം നല്‍കും. നിലവിലെ സ്ഥിതിയില്‍ കോടിയേരി ബാലകൃഷ്ണന് തന്നെ സംസ്ഥാന സെക്രട്ടറിയായി തുടര്‍ന്നേക്കും. പ്രായാധിക്യത്തെ തുടര്‍ന്ന് മുതിര്‍ന്ന ചില അംഗങ്ങളെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കും.












