സമ്മര്‍ദ്ദ തന്ത്രവുമായി പ്രതിപക്ഷം; തമിഴ്‌നാട് സര്‍ക്കാര്‍ പ്രതിസന്ധിയില്‍


മുഖ്യമന്ത്രി ഇ. പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സര്‍ക്കാര്‍ പ്രതിസന്ധിയില്‍. രാജിവയ്ക്കാനൊരുങ്ങി പ്രതിപക്ഷത്തുള്ള ഡിഎംകെ, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ എംഎല്‍എമാര്‍ സമ്മര്‍ദ്ദ തന്ത്രം പയറ്റിയതോടെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.


കഴിഞ്ഞ ദിവസം എഐഎഡിഎംകെയിലെ 18 വിമത എംഎല്‍എമാരെ സ്​പീക്കര്‍ അയോഗ്യരാക്കിയിരുന്നു. കൂറുമാറ്റ നിരോധന നിയമപ്രകാരമാണ്​ ഇവരെ അയോഗ്യരാക്കിയത്​. ദിനകരന്‍ പക്ഷത്തേക്ക്​ പോയ 18 എംഎല്‍എമാരും മുഖ്യമന്ത്രി ഇ. പളനിസാമിക്കുള്ള പിന്തുണ പിന്‍വലിച്ചിരുന്നു.


ഇപിഎസ്​- ഒപിഎസ്​ പക്ഷങ്ങള്‍ യോജിച്ചപ്പോള്‍ 18 എംഎല്‍എമാര്‍ ടി.ടി.വി ദിനകര പക്ഷത്തേക്ക്​ കൂറുമാറിയിരുന്നു. അയോഗ്യരാക്കുമെന്ന്​ തങ്ങള്‍ക്ക്​ നേരത്തെ അറിയാമായിരുന്നെന്നും വേണ്ടിവന്നാല്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും എംഎല്‍എമാര്‍ അറിയിച്ചു. സര്‍ക്കാറിനെ താഴെയിടണമെന്നല്ല, മുഖ്യമന്ത്രിയെ മാറ്റണമെന്നാണ്​ തങ്ങളുടെ ആവശ്യമെന്നും അവര്‍ അറിയിച്ചു.

സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന്​ ഡിഎംകെ നേതാവ്​ സ്റ്റാലിനും ആവശ്യപ്പെട്ടിട്ടുണ്ട്. ഗവര്‍ണര്‍ ഒരാഴ്​​ചക്കുള്ളില്‍ വിശ്വാസവോട്ടെടുപ്പിന്​ വേണ്ട നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതി​യെ സമീപിക്കുമെന്നും സ്​റ്റാലിന്‍ അറിയിച്ചിട്ടുണ്ട്.



Sharing is Caring