തൃശൂര്‍: പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി (കെ.ആര്. സച്ചിദാനന്ദന്-48) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശസ്ത്രക്രിയയ്ക്കിടെയുണ്ടായ ഹൃദയാഘാതത്തെതുടര്‍ന്ന് തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. വ്യാഴാഴ്ച രാത്രി 10.10നാ യിരുന്നു മരണം സംഭവിച്ചത്.
മറ്റൊരു ആശുപത്രിയില്‍ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നതിനിടെ അനസ്തേഷ്യ നല്‍കിയപ്പോഴാണ് ഹൃദയാഘാതമുണ്ടായത്. ശക്തമായ ഹൃദയാഘാതത്തെതുടര്‍ന്ന് തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലച്ചതിനാല്‍ തലച്ചോര്‍ പ്രതികരിക്കുന്നുണ്ടായിരുന്നില്ല. തുടര്‍ന്നു തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

തൃശൂരിലെ കൊടുങ്ങല്ലൂരിലാണ് സച്ചിയുടെ ജനനം. ഏറെ നാളായി എറണാകുളം തൃപ്പൂണിത്തുറയിലാണ് താമസം. അഭിഭാഷക വൃത്തി ഉപേക്ഷിച്ചാണ് അദ്ദേഹം സിനിമയിലേക്ക് എത്തിയത്. എട്ടു വര്‍ഷം ഹൈക്കോടതിയില്‍ പ്രക്ടീസ് ചെയ്തു. 12 സിനിമകള്‍ക്ക് അദ്ദേഹം തിരക്കഥയൊരുക്കി. രണ്ട് സിനിമകള്‍ സംവിധാനം ചെയ്തു.
പഠനകാലത്ത് കോളജ് ഫിലിം സൊസൈറ്റിയിലും നാടകത്തിലും സജീവമായിരുന്നു. നിരവധി നാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. എഴുതിയ തിരക്കഥകളില്‍ ഭൂരിഭാഗവും ഹിറ്റുകളക്കായി സച്ചി സംവിധാനം ചെയ്ത് രണ്ട് സിനിമകളും വന്‍ വിജയമായി. 2007 ല്‍ പൃഥ്വിരാജ് ചിത്രമായ ചോക്ലേറ്റിന് തിരക്കഥയൊരുക്കിയാണ് സിനിമയിലേക്ക് എത്തുന്നത്. സുഹൃത്തായ സേതുവുമൊത്താണ് ചിത്രത്തിന് തിരക്കഥ എഴുതിയത്. ഈ സിനിമ വലിയ വിജയമായിരുന്നു. ഇതോടെ സച്ചി-സേതു കൂട്ടുകെട്ട് മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു.
പിന്നീട് 2012ല്‍ ജോഷിയുടെ മോഹന്‍ലാല്‍ ചിത്രമായ റണ്‍ ബേബി റണ്ണിലൂടെ സച്ചി സ്വതന്ത്ര തിരക്കഥാകൃത്തായി. അനാര്‍ക്കലി എന്ന ചിത്രത്തിലൂടെ സംവിധായകനുമായി. അയ്യപ്പനും കോശിയും എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്. രാമലീല, ഡ്രൈവിംഗ് ലൈസന്‍സ് എന്നീ സിനിമകള്‍ക്കു തിരക്കഥയെഴുതി.
സച്ചി ജനിച്ചതു കൊടുങ്ങല്ലൂരിലാണെങ്കിലും എറണാകുളത്തായിരുന്നു പഠനവും താമസവുമെല്ലാം. മാല്യങ്കര എസ്എന്‍എം കോളജില്‍നിന്നും കോമേഴ്സില്‍ ബിരുദം നേടിയ സച്ചി എറണാകുളം ഗവ.ലോ കോളജില്‍നിന്ന് എല്എല്ബിയെടുത്ത് ഹൈക്കോടതിയില്‍ ക്രിമിനല്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. സേതുവുമൊത്ത് ചോക്ലേറ്റില്‍ തുടങ്ങിയ കൂട്ടുകെട്ടില്‍ റോബിന്‍ഹുഡ്, മേക്കപ്പ് മാന്‍, സീനിയേഴ്സ്, ഡബിള്‍സ് എന്നീ ചിത്രങ്ങള്‍ക്കു തിരക്കഥയെഴുതി.
പിന്നീട് ഇരുവരും പിരിഞ്ഞതിനുശേഷം സച്ചി ആദ്യം എഴുതിയ റണ്‍ ബേബി റണ്ണിനു ശേഷം ചേട്ടായീസ്, രാമലീല, ഷെര്‍ലക് ടോംസ് എന്നീ ചിത്രങ്ങള്‍ക്കും സച്ചി തന്നെ സംവിധാനം ചെയ്ത അനാര്ക്കലിക്കും അയ്യപ്പനും കോശിക്കും തിരക്കഥയെഴുതി.
ജയന് നമ്ബ്യാര്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നതിനിടെയാണ് സച്ചിയെ അവിചാരിതമായി മരണം കവര്‍ന്നത്. ചേട്ടായീസ് എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു സച്ചി.













