ധാക്ക: ബംഗ്ലാദേശ് സൂപ്പര്‍താരം ഷാക്കിബ് അല്‍ ഹസനെതിരെ ഐസിസി നടപടിയെടുത്തതില്‍ പ്രതിഷേധിച്ച് ബംഗ്ലാ ജനത. വാതുവെപ്പുകാര്‍ സമീപിച്ച വിവരം ഐസിസിയുടെ അഴിമതിവിരുദ്ധ സമിതിയെ അറിയിക്കാത്തതിനെ തുടര്‍ന്നാണ് ഷാക്കിബിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പിന്നാലെ ബംഗ്ലാദേശ് ക്യാപ്റ്റന് പിന്തുണയുമായി ജനങ്ങള്‍ തെരുവിലിറങ്ങി.
ഷാക്കിബിന്റെ ജന്മനാടായ മഗുരയില്‍ ഏതാണ്ട് ആയിരത്തോളം പേര്‍ തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് അഭിവാദ്യം അര്‍പ്പിച്ച് പ്രകടനം നടത്തി. ധാക്കയിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. സംഭവത്തില്‍ ഗൂഢാലോചന നടന്നുവെന്ന് ആരോപിച്ചും ഷാക്കിബിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ജനങ്ങള്‍ മനുഷ്യച്ചങ്ങലയും തീര്‍ത്തു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയും ഷാക്കിബിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഐസിസിയുടെ രണ്ടുവര്‍ഷത്തെ വിലക്കാണ് ഷാക്കിബിന് നേരിടുന്നത്. വാതുവെയ്പുകാരന്‍ ദീപക് അഗര്‍വാളുമായി സന്ദേശങ്ങള്‍ കൈമാറിയതായി കണ്ടെത്തിയതോടെയാണ് ഐസിസി നടപടിയെടുത്തത്. വിലക്കുള്ളതിനാല്‍ ഷാക്കിബിന് ഇന്ത്യക്കെതിരായ പരമ്ബരയിലും കളിക്കാനാവില്ല. നവംബര്‍ മൂന്നിന് തുടങ്ങുന്ന ഇന്ത്യ-ബംഗ്ലാദേശ് പരമ്ബരയില്‍ മൂന്നു ട്വന്റി20യും രണ്ട് ടെസ്റ്റ് മത്സരവുമാണുള്ളത്. 32കാരനായ ഷാക്കിബ് ബംഗ്ലാദേശിനുവേണ്ടി 56 ടെസ്റ്റും 206 ഏകദിനങ്ങളും 76 ടി20 മത്സരങ്ങളുമാണ് കളിച്ചിട്ടുള്ളത്.












