കൊളംബോ > ശ്രീലങ്കയെ പ്രക്ഷുബ‌്ധമാക്കിയ രാഷ‌്ട്രീയ പ്രതിസന്ധിക്കിടെ റെനില്‍ വിക്രമസിംഗെയെ പിന്തുണച്ച‌് വന്‍ പ്രതിഷേധ റാലി. തലസ്ഥാനമായ കൊളംബോയില്‍ നടന്ന റാലിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. പ്രധാനമന്ത്രിയുടെ ഒൗദ്യോഗികവസതിയില്‍ തുടരുന്ന വിക്രമസിംഗെ വസതിക്കുസമീപം റാലിയെ അഭിസംബോധന ചെയ‌്തു. പാര്‍ലമെന്റ‌് ഉടന്‍ വിളിച്ചുകൂട്ടണമെന്നും താന്‍ അവിടെ ഭൂരിപക്ഷം തെളിയിക്കുമെന്നും വിക്രമസിംഗെ ആവര്‍ത്തിച്ചു. അതേസമയം, പ്രധാനമന്ത്രിയായി സ്ഥാനമേറ്റ മഹിന്ദ രജപക‌്‌സെയുടെ മന്ത്രിസഭാംഗങ്ങളെ പ്രസിഡന്റ‌് മൈത്രിപാല സിരിസേന പ്രഖ്യാപിച്ചു.
റെനില്‍ വിക്രമസിംഗെയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന‌് പുറത്താക്കിയ പ്രസിഡന്റ‌് സിരിസേനയ‌്ക്കെതിരെ ശ്രീലങ്കന്‍ മാധ്യമങ്ങളും രംഗത്തെത്തി. പ്രസിഡന്റ‌് നടത്തിയത‌് ഭണഘടന അട്ടിമറിയാണെന്ന‌് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട‌് ചെയ‌്തു. രാജ്യത്തെ രാഷ‌്ട്രീയ അനിശ്ചിതാവസ്ഥ ഒഴിവാക്കുന്നത‌് സംബന്ധിച്ച‌് ചര്‍ച്ചചെയ്യാന്‍ കൊളംബോയിലെ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥര്‍ സ‌്പീക്കര്‍ കരു ജയസൂര്യയെ സന്ദര്‍ശിച്ചു.













