നടൻ ശ്രീനാഥിന്റെ മരണം പുനരന്വേഷിക്കണം എന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി. ക്രൈം ബ്രാഞ്ചോ മറ്റേതെങ്കിലും ഏജൻസിയോ അന്വേഷിക്കണമെന്നാണ് ആവശ്യം. നിവേദനത്തിൽ വേണ്ട നടപടി കൈക്കൊള്ളാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീനാഥിന്റെ കുടുംബത്തെ അറിയിച്ചു.
2010 ഏപ്രിൽ 23നാണ് ശ്രീനാഥിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു കൈ മുറിഞ്ഞു ചോര വാർന്ന നിലയിലും മറ്റൊരു കൈ ബ്ലേഡ് പിടിച്ച നിലയിലുമാണ് ഉണ്ടായിരുന്നത്. മോഹൻലാൽ നായകനായ ശിക്കാർ എന്ന സിനിമയുടെ സെറ്റിൽ ഏപ്രിൽ 22ന് എത്തിയ ശ്രീനാഥിനോട് ഷൂട്ട് 30നേ ഉള്ളൂവെന്നും ഹോട്ടൽ മുറിയൊഴിയണമെന്നും സിനിമ പ്രവർത്തകർ ആവശ്യപ്പെട്ടുവെന്നാണ് മൊഴികളിൽ പറയുന്നത്. തുടർന്നാണ് മരിച്ച നിലയിൽ ശ്രീനാഥിനെ കണ്ടെത്തുന്നത്. പോലീസ് അസ്വാഭാവിക മരണത്തിനു കേസ് എടുത്തെങ്കിലും ആത്മഹത്യയാണെന്ന ഡോക്ടറുടെ നിർദേശത്തെ തുടർന്ന് കേസ് അവസാനിപ്പിക്കുകയായിരുന്നു.














