മുംബൈ പൊലീസിലെ ഏറ്റുമുട്ടൽ വിദഗ്ദൻ പ്രദീപ് ശർമ തിരികെ സെർവീസിലേക്ക്. 25 കൊല്ലത്തെ പോലീസ് സർവീസിൽ 113പേരെയാണ് പ്രദീപ് ശർമ കൊന്നൊടുക്കിയത്. ഇതോടെ പ്രദീപ് അധോലോകത്തിന്റെ പേടിസ്വപ്നമായി. എന്നാൽ വ്യാജ ഏറ്റുമുട്ടൽ എന്ന ആരോപണവും അനധികൃത സ്വത്തു സമ്പാദ്യം ഉണ്ടെന്ന ആരോപണവും മൂലം പ്രദീപിനെ സർവീസിൽ നിന്നും പുറത്താക്കി. 3000 കോടിയുടെ അനധികൃത സ്വത്തുണ്ടെന്നാണ് പ്രദീപിനെതിരായ ആരോപണം.
2008ലാണ് പ്രദീപിനെ സസ്‌പെൻഡ് ചെയ്തത്. ഇതിനു പിന്നാലെ 2006ലെ ലഖൻ ഭയ്യാ വ്യാജ ഏറ്റുമുട്ടൽ കേസിൽ 2010ൽ പോലീസ് അറസ്റ്റ് ചെയ്തു. അന്ന് മുതൽ നിയമയുദ്ധത്തിലാണ് പ്രദീപ്. ഏറ്റുമുട്ടൽ വിദഗ്ധനായ പ്രദീപിനെ അധോലോകം പണം നൽകി സ്വാധീനിച്ചുവെന്നാണ് പോലീസ് നിലപാട്. എന്നാൽ ഈ കേസിൽ 2013ൽ മുംബൈ കോടതി പ്രദീപ് ശർമയെ കുറ്റവിമുക്തനാക്കി. പ്രദീപ് ശർമയെ എന്ത് പോസ്റ്റിലാണ് തിരിച്ചെടുക്കുക എന്ന് വ്യക്തമല്ല.














