ശുഹൈബ് വധം കൂടുതല്‍ വെളിപ്പെടുത്തലുകള്‍; 37 വെട്ടുകളില്‍ 12 എണ്ണവും വെട്ടിയത് ആകാശ്


കണ്ണൂര്‍: മട്ടന്നൂരില്‍ യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. മട്ടന്നൂരിലെ ഒരു സി.പി.എം നേതാവാണ് ആകാശ് തില്ലങ്കേരിക്ക് ശുഹൈബിനെ അക്രമിക്കാനുളള കൊട്ടേഷന്‍ നല്‍കുന്നത്. കൊട്ടേഷന്‍ സംഘത്തെ തെരഞ്ഞെടുത്തതും പദ്ധതി പ്ലാന്‍ ചെയ്തതും ആകാശാണ്. തില്ലങ്കേരിയിലെ സജീവ പാര്‍ട്ടി പ്രവര്‍ത്തകരും കൊട്ടേഷനില്‍ മുന്‍പരിചയമുളളവരുമായ റെജില്‍രാജ്, ജിതിന്‍, ദീപു എന്നിവരെ ആകാശ് ഇതിനായി ഒപ്പം കൂട്ടി. വാഹനം എത്തിക്കാനുളള ചുമതല അഖിലിനായിരുന്നു.


പാപ്പിനിശേരി അരോളിയില്‍ നിന്നും വാഹനം വാടകയ്ക്കെടുത്ത് അഖില്‍ പ്രദേശവാസിയായ അസ്‌കറിന് നല്‍കി. കൊലയാളി സംഘത്തിന് ശുഹൈബിനെ ചൂണ്ടിക്കാട്ടി കൊടുത്തതും വാഹനം ഓടിച്ചതും അസ്‌കറാണ്. ഷുഹൈബിന്റെ ശരീരത്തിലെ 37 വെട്ടുകളില്‍ 12 എണ്ണവും വെട്ടിയത് താനാണെന്ന് ആകാശ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.


കൊലയാളി സംഘത്തിലെ രണ്ട് പേര്‍ക്ക് ഒളിവില്‍ താമസിക്കാനുളള സൗകര്യം ഏര്‍പ്പെടുത്തിയെന്നതാണ് അന്‍വറിന് മേലുളള കുറ്റം. എന്നാല്‍ ചോദ്യങ്ങള്‍ക്ക് പ്രതികള്‍ നല്‍കുന്ന ഉത്തരങ്ങളിലുള്ള പൊരുത്തക്കേടാണ് അന്വേഷണ ഉദ്യോഗസ്ഥരെ കുഴപ്പിക്കുന്നത്.

തെരൂരില്‍ തട്ടുകടയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചായ കുടിക്കുമ്പോഴാണ് വാഗണര്‍ കാറിലെത്തിയ അക്രമി സംഘം ശുഹൈബിനെ വെട്ടിവീഴ്ത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കും വെട്ടേറ്റിരുന്നു. ബോംബെറിഞ്ഞ് ഭീതിപരത്തി, ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും വൈകിച്ചു. നെഞ്ചിനും കാലുകള്‍ക്കും വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ശുഹൈബിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും വഴി രക്തം വാര്‍ന്നാണ് മരിച്ചത്.



Sharing is Caring