ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് കോച്ചായി ഭരത് അരുണിനെ നിയമിച്ചു. മുംബൈയില്‍ പരിശീലകന്‍ രവി ശാസ്ത്രിയുടെ സാന്നിദ്ധ്യത്തില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് ബിസിസിഐ സഹപരിശീലകരെ പ്രഖ്യാപിച്ചത്. ഭരത് അരുണിനൊപ്പം ബാറ്റിങ് പരിശീലകനായി സഞ്ജയ് ബംഗാറിനെയും ഫീല്‍ഡിങ് പരിശീലകനായി ആര്‍. ശ്രീധറിനെയും നിലനിര്‍ത്തുകയും ചെയ്തു.
ബിസിസിഐ താത്കാലിക അധ്യക്ഷന്‍ സി.കെ. ഖന്ന, സെക്രട്ടറി അമിതാബ് ചൗധരി, സിഇഒ രാഹുല്‍ ജോഹ്‌റി എന്നിവരടങ്ങിയ സംഘം ശാസ്ത്രിയുമായി കൂടുതല്‍ ചര്‍ച്ച നടത്തി ടീമിന്റെ സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളെ കൂടി വരും ദിവസങ്ങളില്‍ തെരഞ്ഞെടുക്കും.

സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന ഉപദേശക സമിതി നേരത്തെ സഹീര്‍ ഖാനെയായിരുന്നു ബൗളിങ് കോച്ചായി തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ അന്നുതന്നെ രവി ശാസ്ത്രി ഭരത് അരുണിനെ ബൗളിങ് കോച്ചായി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഉപദേശകസമിതിയുടെ കടുത്ത എതിര്‍പ്പ് മറികടന്നാണ് ഭരത് അരുണിനെ ബൗളിങ് കോച്ചായി ബിസിസിഐ നിയമിച്ചിട്ടുള്ളത്.
ശാസ്ത്രിയുടെ സമ്മര്‍ദ്ദം ഫലിച്ചതോടെ ബൗളിംഗ് പരിശീലകനായിരുന്ന സഹീര്‍ ഖാന്‍ ബൗളിംഗ് ഉപദേശകനായി മാറി. വിദേശ പര്യടനങ്ങളില്‍ ടീം ഇന്ത്യയുടെ ബാറ്റിംഗ് ഉപദേഷ്ടാവായി രാഹുല്‍ ദ്രാവിഡിനെയും നേരത്തെ ബിസിസിഐ ഉപദേശക സമിതി നിയമിച്ചിരുന്നു.
സഹീറിന്റെ നിയമനത്തോട് ശാസ്ത്രിക്ക് യോജിപ്പുണ്ടായിരുന്നില്ല. സഹീറിന്റെയും ദ്രാവിഡിന്റെയും സേവനം തേടുന്നതിനോട് എതിര്‍പ്പില്ലെന്നും എന്നാല്‍ മുഴുവന്‍ സമയ സഹപരിശീലകരുടെ കാര്യത്തില്‍ തന്റെ വാക്കുകള്‍ക്ക് മുന്‍ഗണന വേണമെന്നുമായിരുന്നു ശാസ്ത്രിയുടെ നിലപാട്. ഈ നിലപാട് ബിസിസിഐ അംഗീകരിക്കുകയായിരുന്നു.
പരിശീലകനെ നിയമിക്കാന്‍ മാത്രമാണ് ഉപദേശക സമിതിയെ ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും സഹപരിശീലകരുടെ കാര്യത്തില്‍ മുഖ്യ പരിശീലകന്റെ നിലപാടുകള്‍ നിര്‍ണ്ണായകമാണെന്നുമുള്ള വിനോദ് റായ് അധ്യക്ഷനായ സമിതിയുടെ വിലയിരുത്തലും ശാസ്ത്രിക്ക് അനുകൂലമായി.













