ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത; പാക് മാധ്യമങ്ങള്‍ക്ക് എതിരെ ചൈന


സിക്കിം അതിര്‍ത്തിയില്‍ ചൈനയുടെ ആക്രമണത്തില്‍ ഇന്ത്യയുടെ നിരവധി സൈനികര്‍ കൊല്ലപ്പെട്ടെന്ന് വാര്‍ത്ത പ്രചരിപ്പിക്കുന്ന പാക്കിസ്ഥാനിലെ മാധ്യമങ്ങള്‍ക്കെതിരെ ചൈന. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ആക്രമണത്തില്‍ 158 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു എന്നാണ് പാക്കിസ്ഥാനിലെ ഉറുദു ന്യൂസ് ഏജന്‍സി ദുനിയ ന്യൂസ് റിപ്പോര്‍ട്ടു ചെയ്തത്.


സംഘര്‍ഷം നിലനില്‍ക്കുന്ന സിക്കിം അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം ചൈനീസ് സൈന്യം നിരന്തരം റോക്കറ്റ് ആക്രമണം നടത്തിയെന്നും ഇന്ത്യയുടെ നിരവധി സൈനികര്‍ മരിച്ചെന്നുമായിരുന്നു റിപ്പോര്‍ട്ട്. ഒട്ടേറെ സൈനികര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ട് പിന്നീട് മറ്റു പല പാക് മാധ്യമങ്ങളും നല്‍കി.


റിപ്പോര്‍ട്ടിനൊപ്പം രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യവും നല്‍കിയിരുന്നു. അതിര്‍ത്തിയില്‍ ശത്രു സേനയ്‌ക്കെതിരെ ചൈനീസ് സൈന്യം റോക്കറ്റ് ലോഞ്ചറുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തുന്നു എന്ന വിവരണത്തോടെയാണ് ഈ ദൃശ്യം നല്‍കിയിരിക്കുന്നത്.

തികച്ചും അടിസ്ഥാനരഹിതമായ വാര്‍ത്ത എന്നാണ് ചൈനയുടെ ഔദ്യോഗിക മാധ്യമം പ്രതികരിച്ചത്. ഇത്തരത്തിലൊരു വാര്‍ത്ത പാക്കിസ്ഥാനിലെ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് എന്തിനെന്ന് അറിയില്ല. അടിസ്ഥാനരഹിതമാണിത്, പീപ്പിള്‍സ് ഡെയ്‌ലിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ ചൈനീസ് എംബസിയും ഈ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ വാര്‍ത്താ ഏജന്‍സികളോ സോഷ്യല്‍ മീഡിയയില്‍ ആരെങ്കിലുമോ ഉത്തരവാദിത്തമില്ലാതെ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ വാര്‍ത്തകളാക്കി നല്‍കുന്നത് ശരിയല്ല. അതൊരു വ്യാജവാര്‍ത്തയാണ്, പീപ്പിള്‍സ് ഡെയ്‌ലി തുടര്‍ന്നു.

പാക് മാധ്യമ റിപ്പോര്‍ട്ടിനെ അടിസ്ഥാനരഹിതം, വ്യാജം എന്നാണ് ഗ്ലോബല്‍ ടൈംസ് വിശേഷിപ്പിക്കുന്നത്. കശ്മീര്‍ മേഖലയിലെ സംഘര്‍ഷത്തിന്റെ ചില ചിത്രങ്ങളാണ് റിപ്പോര്‍ട്ടിനൊപ്പം പാക് മാധ്യമങ്ങള്‍ നല്‍കിയതെന്നും ഗ്ലോബല്‍ ടൈംസ് നിരീക്ഷിക്കുന്നു.
റിപ്പോര്‍ട്ടിനെതിരെ ഇന്ത്യയും കടുത്ത പ്രതിഷേധം അറിയിച്ചു. അടിസ്ഥാന രഹിതവും ദുരുദ്ദേശ്യപരവുമായ റിപ്പോര്‍ട്ടുകളാണ് പാക് മാധ്യമങ്ങള്‍ നല്‍കിയത്.

ഉത്തരവാദിത്തബോധമുള്ള മാധ്യമ സമൂഹത്തില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാനാവാത്ത നടപടിയാണിത്, വിദേശകാര്യ വക്താവ് ഗോപാല്‍ ബാഗ്‌ലെ പറഞ്ഞു.
ഇന്ത്യയും ചൈനയും ഭൂട്ടാനും അതിര്‍ത്തി പങ്കിടുന്ന ഡോക്‌ലാമില്‍ സൈനിക നീക്കം ശക്തമാക്കിയതു മുതല്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്.



Sharing is Caring