ശശികലയുടെ സത്യപ്രതിജ്ഞ ഇന്ന്; തടയാന്‍ ഹര്‍ജി


തമിഴ്‌നാട് മുഖ്യമന്ത്രിയായി ശശികല ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത് തടയണമെന്നഭ്യര്‍ഥിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി. രാവിലെ 11ന് മദ്രാസ് സര്‍വകലാശാല ഓഡിറ്റോറിയത്തില്‍ അവര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വാര്‍ത്തകള്‍.


അവര്‍ പ്രതിയായ അഴിമതിക്കേസുകളില്‍ വിധി വരും വരെ മുഖ്യമന്ത്രിയാകുന്നത് തടയണമെന്നാണ് ആവശ്യം. അഴിമതി വിരുദ്ധ പോരാട്ടം നടത്തുന്ന ഒരു സംഘടനക്കു വേണ്ടി സെന്തില്‍ കുമാറാണ് ഹര്‍ജി നല്‍കിയത്.


ഹര്‍ജിയില്‍ ഇന്ന് രാവിലെ വാദം കേള്‍ക്കും. അനധികൃത സ്വത്തുകേസില്‍ അടുത്താഴ്ച വിധി വരാനിരിക്കെയാണ് ഇന്ന് ശശികല തിടുക്കത്തില്‍ അധികാരമേല്‍ക്കുന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 63 കോടിയുടെ അവിഹിത സ്വത്തുമായി ബന്ധപ്പെട്ട് ശശികലയെയും ജയലളിതയെും വിട്ടയച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീലാണ് അടുത്താഴ്ച പരിഗണനക്കു വരിക.

ഞായറാഴ്ച നടന്ന എംഎല്‍എമാരുടെ യോഗത്തില്‍ ശശികലയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി പനീര്‍ശെല്‍വം യോഗത്തില്‍ രാജിപ്രഖ്യാപിക്കുകയും ചെയ്തു.



Sharing is Caring