ശബരിമലയില്‍ ഏതു പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെടുന്ന ഒരുകൂട്ടം ഹരജികള്‍ സുപ്രിം കോടതി വിധിപറയാന്‍ മാറ്റി. എട്ടു ദിവസം നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേസ് വിധി പറയാനായി മാറ്റിയത്. ചീഫ് ജസ്റ്റിസ് ഒക്ടോബറില്‍ വിരമിക്കാനിരിക്കെ അതിനു മുന്‍പു വിധി പുറപ്പെടുവിക്കും.
മതപരമായ ആചാരങ്ങളുടെ വൈവിധ്യം പരിഗണിക്കണമെന്ന് അമിക്കസ്‌ക്യൂറികളില്‍ ഒരാളായ രാമമൂര്‍ത്തി ബുധനാഴ്ച ആവശ്യപ്പെട്ടു. ശബരിമലയിലെ ആചാരങ്ങള്‍ സവിശേഷമാണ്. അത് ആ അര്‍ഥത്തില്‍ കോടതി പരിഗണിക്കണം. ക്ഷേത്രനടത്തിപ്പില്‍ സര്‍ക്കാരിന് ഇടപെടാമെങ്കിലും വിശ്വാസത്തില്‍ ഇടപെടരുതെന്നും അമിക്കസ്‌ക്യൂറി വാദിച്ചു.

വിശ്വാസത്തെ ചോദ്യം ചെയ്യാനാകില്ലെന്നു വാദത്തിനിടെ ചീഫ് ജസ്റ്റിസും പറഞ്ഞു. കേസില്‍ ഭരണഘടനാപരമായ തീര്‍പ്പാണ് വേണ്ടതെന്നു മറ്റൊരു അമിക്കസ്‌ക്യൂറി രാജു രാമചന്ദ്രന്‍ അറിയിച്ചു. മതപരമായ കാര്യങ്ങളില്‍ നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നു സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്ത അറിയിച്ചു.
വാദത്തിനിടെ അസാധാരണമായി ഒച്ചവച്ച് ഹരജി തള്ളണമെന്നാവശ്യപ്പെട്ട സ്വാമി ഓം ബാബയോട് കോടതിക്കു പുറത്തുപോകാന്‍ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. ഹരജിക്കാരായ ലോയേഴ്‌സ് അസോസിയേഷനു വേണ്ടി ആര്‍.പി ഗുപ്ത, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനു വേണ്ടി സുരേന്ദ്രനാഥ് എന്നിവരും വാദങ്ങള്‍ മുന്നോട്ടുവച്ചു.












