ശബരിമല സ്വർണ്ണക്കവർച്ച കേസില്‍ മുരാരി ബാബുവിന് ഇഡി ഇന്ന് സമൻസ് നല്‍കിയേക്കും


ശബരിമല സ്വർണ്ണക്കവർച്ച കേസില്‍ പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ എക്സിക്യൂട്ടീവ് ഓഫീസറുമായ മുരാരി ബാബുവിന് ഇഡി ഇന്ന് സമൻസ് നല്‍കിയേക്കും.ഈ കേസുമായി ബന്ധപ്പെട്ട് എസ്‌ഐടി രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും കൊല്ലം വിജിലൻസ് കോടതി മുരാരി ബാബുവിന് സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു.


കേസിലെ സാമ്പത്തിക വശങ്ങള്‍ വിശദമായി പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഇഡി നടപടികള്‍ ശക്തമാക്കുന്നത്.മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി മുരാരി ബാബുവും മറ്റ് പ്രതികളും നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനാണ് ഇഡി ചോദ്യം ചെയ്യല്‍ ലക്ഷ്യമിടുന്നത്. നേരത്തെ മുരാരി ബാബു അടക്കമുള്ള പ്രതികളുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, സ്വത്തുക്കള്‍, മറ്റ് സാമ്പത്തിക രേഖകള്‍ എന്നിവ ഇഡി കണ്ടെത്തിയിരുന്നു.


ഈ രേഖകളുടെ അടിസ്ഥാനത്തില്‍ ഇടപാടുകളുടെ ഉറവിടവും സ്വഭാവവും സംബന്ധിച്ച്‌ കൂടുതല്‍ വ്യക്തത നേടാനാണ് അന്വേഷണ ഏജൻസിയുടെ നീക്കം.സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടുകളാണ് ഇഡി പ്രധാനമായി അന്വേഷിക്കുന്നത്. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളുടെ പങ്ക് വ്യക്തമാക്കുന്നതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ക്കും ഇഡി തയ്യാറെടുക്കുന്നുവെന്നാണ് സൂചന. ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട കോടതിയെ സമീപിച്ച്‌ ആവശ്യമായ നിയമാനുമതികളും ഇഡി തേടിയേക്കുമെന്നാണ് റിപ്പോർട്ട്.



Sharing is Caring