ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ റിമാന്‍ഡിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകിട്ട് അഞ്ച് വരെയാണ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടത്. മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം കോടതിയില്‍ ഹാജരായിരുന്നു. പത്മകുമാറിനെ ഹാജരാക്കുന്നതിന് മുന്നോടിയായി കനത്ത പോലീസ് സുരക്ഷയാണ് കോടതി പരിസരത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതിഷേധിക്കാനായി കോടതിക്ക് പുറത്ത് ബിജെപിക്കാര്‍ ഒത്തു ചേര്‍ന്നിട്ടുണ്ട്. രണ്ട് ദിവസം കസ്റ്റഡിയില്‍ വിട്ടു നല്‍കാനാണ് എസ്‌ഐടി കോടതിയോട് അഭ്യര്‍ഥിച്ചിരുന്നത്. ചോദ്യം ചെയ്യലില്‍ പത്മകുമാര്‍ നല്‍കുന്ന മൊഴികള്‍ കേസില്‍ നിര്‍ണായകമാകും. അതേ സമയം ചോദ്യം ചെയ്യല്‍ എവിടെ വെച്ചായിരിക്കും എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല . പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാനായി പത്മകുമാര്‍ രേഖകളില്‍ തിരുത്തല്‍ വരുത്തിയെന്നാണ് അംഗങ്ങളുടെ മൊഴിയാണ് പത്മകുമാറിന് കുരുക്കായത്.

അതേ സമയം സര്‍ക്കാരിന് ലഭിച്ച പോറ്റിയുടെ അപേക്ഷയാണ് ബോര്‍ഡിലേക്ക് നല്‍കിയതെന്ന പത്മകുമാറിന്റെ മൊഴിയിലും വ്യക്തത വരുത്തേണ്ടതുണ്ട്. കേസിലെ മറ്റൊരു പ്രതിയായ ദേവസ്വം മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും.













