തിരുവനന്തപുരം: എന്‍ഡിഎയുടെ രഥയാത്രയോടെ ഹിന്ദുവിശ്വാസികളുടെ ഐക്യം സാധ്യമാകുമെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. യുവതി പ്രവേശന വിഷയത്തില്‍ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയാല്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും. വെള്ളാപ്പള്ളി നടേശനും എസ്.എന്‍.ഡി.പിയോഗവും വിശ്വാസികള്‍ക്കൊപ്പമാണ്. മതേതരത്വം പറയാന്‍ യുഡിഎഫിനോ എല്‍ഡിഎഫിനോ അര്‍ഹതയില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
രഥയാത്ര കാസര്‍ഗോഡ് നിന്ന് തുടങ്ങി പത്തനംതിട്ടയില്‍ അവസാനിക്കുന്ന വിധത്തിലാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. സംഘര്ഷങ്ങളുണ്ടാക്കാതെ വിശ്വാസികള്‍ക്കൊപ്പം നിന്നുകൊണ്ടുള്ള റാലിയാണ് വിഭാവനം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിശ്വാസികള്‍ക്കൊപ്പമാണ് എസ്.എന്‍.ഡി.പി യോഗമെന്ന് വെള്ളാപ്പള്ളി നടേശന് വ്യക്തമാക്കിയിട്ടുണ്ട്. എസ്.എന്‍.ഡി.പി യോഗം നേരിട്ട് സമരരംഗത്തേക്കില്ല എന്ന് മാത്രമാണ് വെള്ളാപ്പള്ളി നടേശന് പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീം ലീഗെന്ന് പറയുന്ന വലിയ സമുദായ പാര്‍ട്ടി നില്‍ക്കുന്നത് യുഡിഎഫിലാണ്. ക്രിസ്ത്യന്‍ സമുദായത്തിന്റെ പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസ് നില്ക്കുന്നതും യുഡിഎഫിലാണ്. പിന്നെങ്ങനെ അവര്‍ക്ക് മതേതരത്വം പറയാന്‍ സാധിക്കും. മദനിയേക്കാള് കൂടുതല്‍ മതവും ജാതിയും പറയുന്നയാള്‍ കേരളത്തിലുണ്ടോയെന്നും തുഷാര്‍ ചോദിച്ചു. അങ്ങനെയുള്ള മദനിയെ കൂട്ടുപിടിക്കുന്ന എല്‍ഡിഎഫിന് മതേതരത്വം പറയാന്‍ എന്താണ് അവകാശമെന്നും അദ്ദേഹം ചോദിച്ചു.













