ശബരിമല പ്ലാസ്റ്റിക്മുക്തമാക്കാന്‍ മറ്റ്സംസ്ഥാനങ്ങളും ശ്രമിക്കണം: മുഖ്യമന്ത്രി


ശബരിമല പ്ലാസ്റ്റിക്മുക്തമാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്ലാസ്റ്റിക് കുപ്പികളില്‍ വെളളം കൊണ്ടുവരുന്നതും ഭക്ഷണസാധനങ്ങള്‍ പ്ലാസ്റ്റിക് കാരിബാഗുകളില്‍ കൊണ്ടുവരുന്നതും ഒഴിവാക്കണം. ഇതിനായി പ്രചാരണ പരിപാടികള്‍ ശക്തമാക്കും. ഇതരസംസ്ഥാന സര്‍ക്കാരുകളും ഇത്തരത്തില്‍ ബോധവത്കരണം നടത്തിയാല്‍ മാത്രമേ പദ്ധതി ഫലപ്രദമാക്കാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദക്ഷിണേന്ത്യയിലെ ദേവസ്വം മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ശബരിമല ഉന്നതാധികാര സമിതിയും ഭക്തര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കണം.സുഗമമായ ദര്‍ശനവും സുരക്ഷിതമായ യാത്രയുമാണ് ഭക്തര്‍ക്കാവശ്യം. ഇതിനായി സാധ്യമായതെന്തും ചെയ്യണം. പ്ലാസ്റ്റിക് കുപ്പികളില്‍ വെളളമെത്തിക്കുന്നത് തടയാന്‍ കുടിവെളള വിതരണ കേന്ദ്രങ്ങള്‍ കൂടുതലായി ഒരുക്കണം. പമ്ബ മലീമസപ്പെടാതിരിക്കാന്‍ പ്രത്യേക സജീകരണങ്ങള്‍ ഒരുക്കണം. ഭക്തര്‍ക്ക് ആശയവിനിമയം നടത്താന്‍ പമ്ബയേയും തിരുവനന്തപുരം നഗരത്തേയും ബന്ധപ്പെടുത്തുന്ന തരത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഈ കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടാനാകുന്ന തരത്തില്‍ ഇതര ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുന്നകാര്യം ആലോചിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. മന്ത്രി കടകംപളളി സുരേന്ദ്രന്‍ അധ്യക്ഷതവഹിച്ചു. തെലങ്കാന മന്ത്രി ഇന്ദ്രകരണ്‍ റെഡി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ഗോപാലകൃഷ്ണന്‍, ബോര്‍ഡ് അംഗങ്ങളായ അജയ് തറയില്‍, കെ. രാഘവന്‍, ദേവസ്വം സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, എ.ഡി.ജി.പിമാരായ ബി. സന്ധ്യ, സുധേഷ് കുമാര്‍, ഐ.ജി മനോജ് എബ്രഹാം, ഉന്നതഉദ്യോഗസ്ഥര്‍, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.




Sharing is Caring