ശബരി റെയിൽപാത ബാലരാമപുരത്തേക്ക് നീട്ടാനുള്ള പദ്ധതി കേന്ദ്ര ബജറ്റിൽ പ്രഖ്യാപിക്കണമെന്ന് കേരളം. അങ്കമാലി-എരുമേലി ശബരി റെയിൽപാത വിഴിഞ്ഞം തുറമുഖത്തേക്ക് നീട്ടാനുള്ള 4800 കോടിയുടെ പദ്ധതി കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിന്റെ റെയിൽസാഗർ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം.
വിഴിഞ്ഞം തുറമുഖം ഉടൻ കമ്മീഷൻ ചെയ്യുമ്പോൾ കണ്ടെയ്‌നർ നീക്കം റോഡുകൾക്ക് താങ്ങാനാവില്ലെന്നും അതിനാൽ വടക്കോട്ട് റെയിൽപാത അനിവാര്യമാണെന്നും ചീഫ്സെക്രട്ടറി ഡോ.വി.വേണു റെയിൽവേ ബോർഡ് ചെയർമാനെഴുതിയ കത്തിൽ അറിയിച്ചു. ശബരിപാത എരുമേലിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് നീട്ടാനുള്ള സർവേ 2013ൽ നടത്തിയപ്പോൾ വരുമാനം കുറവായിരിക്കുമെന്നാണ് കണ്ടെത്തിയത്.

ശബരി പാത എരുമേലിയിൽ നിന്നു തിരുവനന്തപുരത്തേക്കു നീട്ടാൻ 2013ൽ സർവേ നടത്തിയെങ്കിലും ലാഭകരമല്ലെന്ന കാരണത്താൽ തുടർ നടപടിയുണ്ടായില്ല. അന്നത്തേതിൽ നിന്നു വ്യത്യസ്തമായി എംസി റോഡിലെ അനിയന്ത്രിതമായ വാഹനത്തിരക്കും വിഴിഞ്ഞം തുറമുഖം തുറക്കുന്നതോടെ ഉണ്ടാകുന്ന ചരക്ക് നീക്കവും കണക്കിലെടുത്ത് നിർദിഷ്ട ലൈൻ ബാലരാമപുരത്തേക്കു നീട്ടി വിഴിഞ്ഞവുമായി ബന്ധിപ്പിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. എരുമേലി മുതൽ ബാലരാമപുരം വരെ നീളുന്ന 160 കിലോമീറ്റർ റെയിൽ പാതയിൽ 13 സ്റ്റേഷനുകളാണ് സംസ്ഥാന സർക്കാർ ശുപാർശ ചെയ്തിരിക്കുന്നത്.













