വോ​ട്ടി​ന് പണം: സ്ഥാ​നാ​ര്‍​ഥി​ക​ളെ അ​യോ​ഗ്യ​രാ​ക്കാ​ന്‍ തിര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്റെ നീ​ക്കം


വോ​ട്ട​ര്‍​മാ​ര്‍​ക്ക് പ​ണം ന​ല്‍​കി സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന സ്ഥാ​നാ​ര്‍​ത്ഥി​ക​ളെ അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്ന് തിര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. ത​മി​ഴ്നാ​ട്ടിലെ ആര്‍.കെ നഗര്‍ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ല്‍ വ്യാ​പ​ക​മാ​യി വോ​ട്ടി​നു പ​ണം ന​ല്‍​കിയ സം​ഭ​വം പു​റ​ത്താ​യ​തോ​ടെ​യാ​ണ് തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്റെ പു​തി​യ നിര്‍ദേശം. കോ​ഴ ന​ല്‍​കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന സ്ഥാ​നാ​ര്‍​ത്ഥി​ക​ളെ അ​ഞ്ചു വ​ര്‍​ഷ​ത്തേ​ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നോ​ട് ഉ​ടന്‍ ആ​വ​ശ്യ​പ്പെ​ടും.


ഇതുസംബന്ധിച്ച്‌ ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്ത​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​യ​മ ​മ​ന്ത്രാ​ല​യ​ത്തി​ന് ക​ത്തു നല്‍​കാ​നാ​ണ് തിര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്റെ തീ​രു​മാ​നം. ലോ​ക്സ​ഭാ, നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ മത്സ​രി​ക്കു​ന്ന​വ​ര്‍​ക്കാ​ണ് ഈ ​ന​ട​പ​ടി ബാ​ധ​ക​മാ​വു​ക. ആര്‍ട്ടിക്കിള്‍ 324 പ്രകാരം പണത്തിന്റെ സ്വാധീനം ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് തടയിടാന്‍ കമ്മീഷന് സാധിക്കും. എന്നാല്‍ ഈ വകുപ്പ് സ്വന്തം അധികാര പരിധിക്ക് പുറത്താണെന്നുള്ളതാണ് തിരഞ്ഞെടുപ്പ് കമ്മീഷന് വിലങ്ങുതടിയാകുന്നത്.




Sharing is Caring