വോട്ടര്‍മാര്‍ക്ക് പണം നല്കി സ്വാധീനിക്കാന്‍ ശ്രമിക്കുന്ന സ്ഥാനാര്‍ത്ഥികളെ അയോഗ്യരാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്. തമിഴ്നാട്ടിലെ ആര്.കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ വ്യാപകമായി വോട്ടിനു പണം നല്കിയ സംഭവം പുറത്തായതോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ നിര്‍ദേശം. കോഴ നല്കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന സ്ഥാനാര്‍ത്ഥികളെ അഞ്ചു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കണമെന്നും കമ്മീഷന് കേന്ദ്രസര്‍ക്കാരിനോട് ഉടന്‍ ആവശ്യപ്പെടും.
ഇതുസംബന്ധിച്ച് ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തണം എന്നാവശ്യപ്പെട്ട് നിയമ മന്ത്രാലയത്തിന് കത്തു നല്‍കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നവര്‍ക്കാണ് ഈ നടപടി ബാധകമാവുക. ആര്‍ട്ടിക്കിള്‍ 324 പ്രകാരം പണത്തിന്റെ സ്വാധീനം ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് തടയിടാന്‍ കമ്മീഷന് സാധിക്കും. എന്നാല്‍ ഈ വകുപ്പ് സ്വന്തം അധികാര പരിധിക്ക് പുറത്താണെന്നുള്ളതാണ് തിരഞ്ഞെടുപ്പ് കമ്മീഷന് വിലങ്ങുതടിയാകുന്നത്.














