വോട്ടർ പട്ടിക ക്രമക്കേട് ആരോപണങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി കെ സി വേണുഗോപാൽ


തിരുവനന്തപുരം: വോട്ടർ പട്ടിക ക്രമക്കേട് ആരോപണങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി കെ സി വേണുഗോപാൽ. രാഹുൽ ഗാന്ധിക്ക് കർണാടക തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് കെ സി വേണുഗോപാൽ വിമർശനവുമായി രംഗത്തെത്തിയത്.


നോട്ടീസ് കാണിച്ച് ഭയപ്പെടുത്താമെന്ന് ഇലക്ഷൻ കമ്മീഷൻ വിചാരിക്കേണ്ട എന്നും തങ്ങൾ അങ്ങനെ വിടുന്ന പ്രശ്നമില്ല എന്നും കെ സി പറഞ്ഞു. ജനാധിപത്യം കൊലചെയ്യപ്പെടുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടുനിൽക്കുന്നുവെന്നും എത്ര വലിയ സ്വർണപാത്രം കൊണ്ടുവന്നാലും സത്യം മൂടിവെയ്ക്കാൻ കഴിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഉന്നയിക്കപ്പെട്ട ആരോപണങ്ങളിൽ സ്വയം അന്വേഷണം നടത്താതെ തങ്ങളോട് തെളിവ് ചോദിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യുന്നതെന്ന് കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി. രാഹുലിനെ ആദ്യം കമ്മീഷൻ ഭീഷണിപ്പെടുത്തി. എന്നാൽ ഇന്നത് മയപ്പെടുത്തി തെളിവ് നൽകണമെന്നാക്കി. ചോദ്യം ചോദിച്ചാൽ നടപടിയെടുക്കുമെങ്കിൽ അവർ എടുക്കട്ടെ. ബിജെപിക്ക് വേണ്ടി ഏജന്റ് പണി എടുക്കേണ്ട ജോലിയാണോ തെരഞ്ഞെടുപ്പ് കമ്മീഷനുള്ളതെന്നും കെ സി വേണുഗോപാൽ ചോദിച്ചു. മോദി പ്രധാനമന്ത്രിയായത് ഈ വെട്ടിപ്പിലൂടെയാണ് എന്നും കെ സി കൂട്ടിച്ചേർത്തു.



Sharing is Caring