വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവെപ്പില്‍ രണ്ടു സൈനികര്‍ക്ക് പരിക്കേറ്റു


അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗികവസതിയായ വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവെപ്പില്‍ രണ്ടു സൈനികര്‍ക്ക് പരിക്കേറ്റു.പശ്ചിമ വിര്‍ജീനിയ സ്വദേശികളായ നാഷണല്‍ ഗാര്‍ഡ്സ് അംഗങ്ങള്‍ക്കാണ് ഗുരുതര പരിക്കേറ്റത്.ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. 10 മുതല്‍ 15 തവണയാണ് അക്രമി വെടിയുതിര്‍ത്തത്.


രണ്ട് സൈനികര്‍ക്കും തലയ്ക്കാണ് വെടിയേറ്റിട്ടുള്ളത്. അക്രമിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തതായി പോലീസ് വ്യക്തമാക്കി. ഇയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ സൈനികരില്‍ ഒരാള്‍ സ്ത്രീയാണ്. 2021 ല്‍ അമേരിക്കയില്‍ എത്തിയ 29 കാരനായ അഫ്ഗാന്‍ പൗരനാണ് അക്രമിയെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.വെറ്റ് ഹൗസിന് ഏതാണ്ട് അടുത്തുള്ള മെട്രോ സ്റ്റോപ്പിന് സമീപത്ത് വച്ചാണ് വെടിവെപ്പുണ്ടായത്.


വെടിവെപ്പിനെ തുടര്‍ന്ന് വൈറ്റ് ഹൗസ് അടച്ചു. പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. വെടിവെപ്പ് നടക്കുമ്ബോള്‍ പ്രസിഡന്റ് ട്രംപ് ഫ്‌ലോറിഡയില്‍ വെസ്റ്റ് പാം ബീച്ച്‌ ഗോള്‍ഫ് ക്ലബ്ബിലായിരുന്നു.രണ്ടുപേര്‍ മരിച്ചു എന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. വൈറ്റ് ഹൗസില്‍ നിന്ന് ഏകദേശം രണ്ട് ബ്ലോക്കുകള്‍ വടക്ക് പടിഞ്ഞാറ് മാറി 17, എച്ച്‌ സ്ട്രീറ്റുകളുടെ കോണിലാണ് വെടിവെപ്പുണ്ടായത്. പ്രദേശം പോലീസ് സീല്‍ ചെയ്യുകയും യു എസ് സീക്രട്ട് സർവീസ്, ബ്യൂറോ ഓഫ് ആല്‍ക്കഹോള്‍ ടുബാക്കോ ഫയർ ആംസ് ആൻഡ് എക്സ്പ്ലോസീവ്സ് (എ ടി എഫ്) ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. അന്വേഷണവുമായി ബന്ധപ്പെട്ട് ഫെഡറല്‍ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്ന് ഗവർണർ പാട്രിക് മോറിസി എക്സിലൂടെ അറിയിച്ചു.

ഫ്ലോറിഡയില്‍ താങ്ക്സ് ഗിവിംഗ് ആഘോഷത്തിലായിരുന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സംഭവത്തില്‍ ശക്തമായി പ്രതികരിച്ചു. നാഷണല്‍ ഗാർഡ് അംഗങ്ങളെ വെടിവെച്ച “മൃഗം” അതിന് വലിയ വില നല്‍കേണ്ടി വരുമെന്ന് ട്രംപ് സോഷ്യല്‍ മീഡിയയായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. താനും പ്രസിഡന്റിന്റെ ഓഫീസുമായി ബന്ധപ്പെട്ട എല്ലാവരും സൈനികർക്കൊപ്പം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സെനറ്റ് ന്യൂനപക്ഷ നേതാവ് ചക്ക് ഷൂമറും സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി.കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ട്രംപ് ഭരണകൂടം ആഗസ്റ്റ് മുതല്‍ ഡി സി പോലീസിനൊപ്പം നാഷണല്‍ ഗാർഡിനെയും നഗരത്തില്‍ വിന്യസിച്ചിരുന്നു. സമീപപ്രദേശങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ പട്രോളിംഗ് നടത്താനും ഹൈവേ ചെക്ക്പോസ്റ്റുകളില്‍ പരിശോധന നടത്താനും ഇവരെ നിയോഗിച്ചിട്ടുണ്ട്.



Sharing is Caring