തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ ശമ്പള വര്‍ധനവ് നിലവിലെ സാഹചര്യത്തില്‍ ഒരു തരത്തിലും നടപ്പാക്കാന്‍ കഴിയില്ലെന്ന് ആശുപത്രി മാനേജ്മെന്റുകള്‍. ശമ്പള വര്‍ധനവ് സംബന്ധിച്ച് ഇന്നലെ രാത്രി സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കിക്കൊണ്ട് ആശുപത്രി മാനേജ്മെന്റുകള്‍ രംഗത്ത് വന്നത്.
ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനും മാനേജ്മെന്റുകള്‍ ഒരുങ്ങുന്നുണ്ട്. മറ്റന്നാള്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാന്‍ കൊച്ചിയില്‍ സംഘടനകള്‍ യോഗം ചേരുന്നുണ്ട്. ഇതിന് ശേഷമായിരിക്കും കോടതിയെ സമീപിക്കുന്നത്.

മുന്‍കാല പ്രാബല്യത്തോടെയുള്ള ശമ്പള വര്‍ധനവാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഇറക്കിയിട്ടുള്ള വിജ്ഞാപനത്തിലുള്ളത്. ഇത് നടപ്പിലാക്കിയാല്‍ ആശുപത്രികള്‍ പൂട്ടേണ്ടിവരുമെന്നും അതല്ല ചെറിയ രീതിയിലെങ്കിലും നടപ്പാക്കുകയാണെങ്കില്‍ ചികിത്സാ ചെലവ് അടക്കം വര്‍ധിപ്പിക്കേണ്ടി വരുമെന്നും മാനേജ്മെന്റുകള്‍ ചൂണ്ടിക്കാട്ടുന്നു.
ശമ്പളം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതോടെ ഇന്ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ലോങ്മാര്‍ച്ച് അടക്കമുള്ള സമരപരിപാടികള്‍ നഴ്സുമാര്‍ മാറ്റിവെച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കിയില്ലെങ്കില്‍ ആശുപത്രികള്‍ക്ക് മുന്നില്‍ സമരം നടത്തുമെന്ന് നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.













