വേണ്ടിവന്നാല്‍ താന്‍ നുണപരിശോധനയ്ക്കും തയ്യാറെന്ന് ദിലീപ്


കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പ്രതിസ്ഥാനത്ത് നിര്‍ത്തിയത് ദിലീപിനെ ആയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴക്കുന്നവര്‍ക്ക് മറുപടിയുമായി ദിലീപ് രംഗത്ത്. സിനിമാ മേഖലയില്‍ കുറച്ച് നാളുകളായി തന്നെ തകര്‍ക്കാന്‍ ഉദ്ദേശിക്കുന്നവരുടെ ഗൂഢ ലക്ഷ്യത്തിന്റെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങളെല്ലാമെന്ന് ദിലീപ് പറയുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഏത് നുണ പരിശോധനക്കും താന്‍ തയ്യാറാണെന്ന് താരം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഇത് വ്യക്തമാക്കിയത്
ദിലീപീന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
സലിംകുമാറിനും, അജുവര്‍ഗ്ഗീസിനും നന്ദി, ഈ അവസരത്തില്‍ നിങ്ങള്‍ നല്‍കിയ പിന്തുണ വളരെ വലുതാണ്. ജീവിതത്തില്‍ ഇന്നേവരെ എല്ലാവര്‍ക്കും നല്ലതുവരണം എന്ന് മാത്രമെ ചിന്തിച്ചിട്ടുള്ളു, അതിനുവേണ്ടിയെ പ്രവര്‍ത്തിച്ചിട്ടുള്ളു. പക്ഷെ ഒരു കേസിന്റെ പേരില്‍ കഴിഞ്ഞ കുറച്ചു നാളുകളായി എന്നെ തേജോവധം ചെയ്യാനുള്ള ശ്രമം സോഷ്യല്‍ മീഡിയയിലൂടെയും, ചില മഞ്ഞ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും ഒളിഞ്ഞും, തെളിഞ്ഞും എന്റെ ഇമേജ് തകര്‍ക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നു, ഇപ്പോള്‍ ഈ ഗൂഢാലോചന നടക്കുന്നത് പ്രമുഖ ചാനലുകളുടെ അന്തപ്പുരങ്ങളിലും, അതിലൂടെ അവരുടെ അന്തിചര്‍ച്ചയിലൂടെ എന്നെ താറടിച്ച് കാണിക്കുക എന്നുമാണ്.
ഇവരുടെ എല്ലാവരുടേയും ലക്ഷ്യം ഒന്നാണ്, എന്നെ സ്‌നേഹിക്കുന്ന പ്രേക്ഷകരെ എന്നെന്നേക്കുമായി എന്നില്‍ നിന്നകറ്റുക, എന്റെ ആരാധകരെ എന്നെന്നേക്കുമായ് ഇല്ലായ്മ ചെയ്യുക, അതിലൂടെ എന്റെ പുതിയ ചിത്രം രാമലീലയേയും, തുടര്‍ന്നുള്ള സിനിമകളേയും പരാജയപ്പെടുത്തുക, എന്നെ സിനിമാരംഗത്ത് നിന്നുതന്നെ ഇല്ലായ്മചെയ്യുക. ഞാന്‍ ചെയ്യാത്തതെറ്റിന് എന്നെ ക്രൂശിക്കാന്‍ ശ്രമിക്കുന്നവരോടും, എന്റെ രക്തത്തിനായ് ദാഹിക്കുന്നവരോടും, ഇവിടത്തെ മാധ്യമങ്ങളോടും, പൊതു ജനങ്ങളോടും എനിക്കൊന്നേ പറയാനുള്ളൂ, ഒരു കേസിലും എനിക്ക് പങ്കില്ല, സലിം കുമാര്‍ പറഞ്ഞതു പോലെ ബ്രയിന്‍ മാപ്പിങ്ങോ, നാര്‍ക്കോനാലിസിസ്സ് ടെസ്‌റ്റോ, നുണ പരിശോധനയോ എന്തുമാവട്ടെ ഞാന്‍ തയ്യാറാണ്, അത് മറ്റാരെയും കുറ്റവാളിയാക്കാനല്ല, എന്റെ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ടി മാത്രം.
എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍.




Sharing is Caring