ബംഗളൂരു: പ്രളയത്തില്‍ നദി കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് വഴിയറിയാതെ പകച്ചു നിന്ന ആംബുലന്‍സ് ഡ്രൈവര്‍ക്ക് വഴികാട്ടിയ ആറാം ക്ലാസുകാരന് വെങ്കിടേഷിന് സംസ്ഥാന സര്‍ക്കാരിന്റെ ധീരതയ്ക്കുള്ള പുരസ്കാരം. റെയ്ച്ചൂരില്‍ നടന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്കിടെ ഡെപ്യൂട്ടി കമ്മീഷണര്‍ ശരത് ബി. ആണ് പുരസ്കാരം സമ്മാനിച്ചത്.
കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയിലെ ഹിരേരായണകുമ്ബി സ്വദേശിയാണ് വെങ്കിടേഷ്. കഴിഞ്ഞ ആഴ്ചയയിരുന്നു പുരസ്കാരത്തിന് അര്‍ഹമായ സംഭവം. മച്ചനൂര്‍ ഗ്രാമത്തില്‍നിന്ന് ആറു കുട്ടികളുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സിനാണ് വെങ്കിടേഷ് വഴികാട്ടിയായത്. ഒരു സ്ത്രീയുടെ മൃതദേഹവും ആംബുലന്‍സിലുണ്ടായിരുന്നു. അരയോളം വെള്ളത്തില്‍ ഓടിയും, കൈവീശിയും, പിറകോട്ട് തിരിഞ്ഞു നോക്കിയുമാണ് വെങ്കിടേഷ് ആംബുലന്‍സിനെ ഇപ്പുറത്ത് എത്തിച്ചത്. ആംബുലന്‍സ് നേരായ ദിശയിലാണോയെന്ന് ഇടയ്ക്കിടെ അവന് ഉറപ്പു വരുത്തിയിരുന്നു.

നിര്‍ത്താതെ പെയ്ത കനത്ത മഴയില്‍, കഴിഞ്ഞാഴ്ച കര്‍ണ്ണാടകയിലെ കൃഷ്ണ നദി കരകവിഞ്ഞിരുന്നു. പ്രദേശം മുഴുവന്‍ പ്രളയത്തില്‍ മുങ്ങിയപ്പോള്‍ ദേവദുര്‍ഗയിലെ പാലവും വെള്ളത്തിനടിയിലായിരുന്നു. പാലത്തിലൂടെ കടന്നു പോകാന്‍ കഴിയാതെ വിഷമിച്ച ആംബുലന്‍സ് ഡ്രൈവര്‍ക്ക് സ്വന്തം ജീവന് പണയം വെച്ചാണ് കുഞ്ഞ് ബാലന് വഴികാട്ടിയായത്.













