വീട്ടമ്മയെ പീഡിപ്പിച്ച പരാതി: എം.എല്‍.എ അറസ്റ്റില്‍ …


വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ കോവളം എം.എല്‍.എ എം. വിന്‍സന്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാലു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ് ചെയ്തത്. പരാതിയില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതോടെ എംഎല്‍എയെ ഹോസ്റ്റലില്‍ വെച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.
മാസങ്ങളായി ഇവര്‍ ഫോണില്‍ സംസാരിച്ചിരുന്നുവെന്നതിന്റെ തെളിവുകള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. ആത്മഹത്യയ്ക്ക് ശ്രമിച്ച പരാതിക്കാരിയായ വീട്ടമ്മയെ എം വിന്‍സന്റ് എംഎല്‍എ 5 മാസത്തിനിടെ 900 തവണയാണ് ഫോണില്‍ വിളിച്ചത്. പാറശാല എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുക്കുന്നത്. അതേസമയം, എം. വിന്‍സന്റ് മുന്‍കൂര്‍ ജാമ്യം തേടി തിരുവനന്തപുരം ജില്ലാ കോടതിയില്‍ അപേക്ഷ നല്‍കി.
എന്നാല്‍, എം.വിന്‍സന്റിനെ ചോദ്യം ചെയ്യാമെന്ന് സ്പീക്കറുടെ ഓഫിസ് പൊലീസിനെ അറിയിച്ചിരുന്നു. സ്പീക്കറുടെ പ്രത്യേക അനുമതി ഇതിന് ആവശ്യമില്ല. കേസിന് ആവശ്യമായ ഏതു നടപടിയും പൊലീസിനു സ്വീകരിക്കാമെന്നും സ്പീക്കറുടെ ഓഫിസ് അറിയിച്ചിട്ടുണ്ട്. എംഎല്‍എ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതിനെ തുടര്‍ന്നാണു ഭാര്യ ആത്മഹത്യയ്ക്കു ശ്രമിച്ചതെന്ന ഗൃഹനാഥന്റെ പരാതിയിലാണു കേസ്. ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് എംഎല്‍എക്കെതിരെ ആദ്യം കേസെടുത്തത്. തുടര്‍ന്ന് വീട്ടമ്മയുടെ രഹസ്യമൊഴിയെടുത്തിരുന്നു. അതിനിടെ, കേസുമായി ബന്ധപ്പെട്ട് എംഎല്‍എ വീട്ടമ്മയുടെ ബന്ധുവിനെ സ്വാധീനിക്കാന്‍ നടത്തിയ ഫോണ്‍ സംഭാഷണം പുറത്തായി. തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന കേസിനു പിന്നിലെ സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എം.വിന്‍സന്റ് എംഎല്‍എ ഡിജിപിക്കു പരാതി നല്‍കിയിരുന്നു.




Sharing is Caring