മെഡിക്കല്‍ കോളെജ് അനുവദിക്കുന്നതിന് വേണ്ടി കോഴ വാങ്ങിയത് വന്‍ വിവാദമായതിന് പിന്നാലെ ബിജെപി നേതൃത്വത്തെ വീണ്ടും പ്രതിസന്ധിയിലാക്കി വ്യാജ രസീത് ആരോപണവും പിടിമുറുക്കുന്നു. കഴിഞ്ഞ വര്‍ഷം കോഴിക്കോട്ടു നടന്ന ബിജെപി ദേശീയ കൗണ്‍സിലിനു വേണ്ടിയുള്ള ധനസമാഹരണത്തിനായിട്ടാണ് വ്യാജ രസീത് ഉപയോഗിച്ചു നേതാക്കള്‍ കോടികള്‍ പിരിച്ചുവെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സംസ്ഥാന കമ്മിറ്റിയംഗം എം.മോഹനന്റെ നിര്‍ദ്ദേശം പ്രകാരം വടകരയിലെ പ്രസ്സിലാണ് വ്യാജ രസീത് അച്ചടിച്ചതെന്ന് വ്യക്തമായി.
കേന്ദ്രനേതൃത്വം നടത്തിയ രഹസ്യാന്വേഷണത്തില്‍ ആരോപണങ്ങള്‍ ശരിയാണെന്നു കണ്ടെത്തി. പിരിവില്‍ കോഴിക്കോടു ജില്ലയിലെ ബിജെപി നേതാക്കളുടെ പങ്കും വ്യക്തമായിട്ടുണ്ട്. 10,000 മുതല്‍ 50,000 രൂപ വരെ വ്യാപാരികളില്‍നിന്നു വ്യാജ രസീതു നല്‍കി വാങ്ങിയെന്നാണ് കണ്ടെത്തല്‍. വ്യാജ രസീത് അച്ചടിച്ച വടകരയിലെ പ്രസ് ഉടമയില്‍ നിന്നു ലഭിച്ച രേഖകളാണു കേന്ദ്രത്തിന്റെ അന്വേഷണത്തില്‍ നിര്‍ണായകമായത്. സംസ്ഥാന സമിതി അംഗം എം. മോഹനനാണു രസീത് അച്ചടിക്കാന്‍ പ്രസിനെ സമീപിച്ചതെന്നും മൊഴി ലഭിച്ചിട്ടുണ്ട്.
സമ്മേളനത്തിന്റെ സാമ്പത്തികകാര്യ ചുമതലയില്‍ ഉണ്ടായിരുന്നത് ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്, പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ എന്നിവരായിരുന്നു. ആരോപണത്തെ തുടര്‍ന്ന് ഇരുവരോടും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം ലാല്‍ വിശദീകരണം തേടി. കാശ്മീരിലായിരുന്ന സന്തോഷിനോട് അടിയന്തരമായി ഡല്‍ഹിയിലെത്താനും റാം ലാല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വര്‍ക്കല എസ്.ആര്‍ കോളേജ് ഉടമ ആര്‍.ഷാജിയോടാണ് മെഡിക്കല്‍ കോളെജ് അനുവദിക്കുന്നതിന് വേണ്ടി കോഴ ആവശ്യപ്പെട്ടത്. ഇതു സംബന്ധിച്ച കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് വിവരം ലഭിച്ചു. സര്‍ക്കാരിന് നല്‍കിയ പ്രഥമിക റിപ്പോര്‍ട്ടില്‍ ഇക്കാര്യം പറയുന്നു.
നേരത്തേ സംസ്ഥാന നേതൃത്വത്തിനു പരാതി ലഭിച്ചതിനെ തുടര്‍ന്നു സംസ്ഥാന സെക്രട്ടറി ബി.ഗോപാലകൃഷ്ണനെ അന്വേഷണ കമ്മിഷനായി നിയോഗിച്ചെങ്കിലും ആരോപണം ഒതുക്കിത്തീര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്ന് ജില്ലയിലെ ചില നേതാക്കള്‍ കേന്ദ്രത്തെ നേരിട്ടു സമീപിക്കുകയായിരുന്നു. കേന്ദ്രനേതൃത്വം നടത്തിയ രഹസ്യാന്വേഷണത്തില്‍ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി. പിരിവില്‍ കോഴിക്കോട് ജില്ലയിലെ ബി.ജെ.പി നേതാക്കള്‍ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.













