മുന്‍കാല ചലച്ചിത്ര താരം രംഭ കഴിഞ്ഞ ദിവസങ്ങളിലായി മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. വിവാഹമോചനത്തിനായി ശ്രമിച്ച ഭര്‍ത്താവിനെ തിരിച്ചു വിളിക്കാനായാണ് രംഭ കോടതിയുടെ സഹായം തേടിയതെന്നൊക്കെയായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ താന്‍ കോടതിയില്‍ പോയിട്ടില്ലെന്നും തന്റെ വിവാഹബന്ധത്തില്‍ അസ്വാരസ്യങ്ങളുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണൈന്നുമാണ് താരത്തിന് പറയാനുള്ളത്.
വിവാഹമോചന അപേക്ഷ ഫയല്‍ ചെയ്തിട്ടില്ലെന്നും തങ്ങളുടെ ബന്ധം ഇപ്പോഴും വളരെ നല്ലരീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും രംഭ വ്യക്തമാക്കി.
‘എന്റെ സഹോദരനാണ് ഇപ്പോള്‍ നടക്കുന്ന പ്രചരണങ്ങളെക്കുറിച്ച് പറഞ്ഞത്.
ഞാന്‍ വിവാഹമോചന അപേക്ഷ ഫയല്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് എവിടെയെങ്കിലും സമര്‍പ്പിക്കണ്ടേ? ഞാനിതിനുവേണ്ടി കോടതിയില്‍ പോകുന്നത് നിങ്ങള്‍ ആരെങ്കിലും കണ്ടോ? എനിക്കു രണ്ടു മക്കളുണ്ട്. മൂത്ത മകളെ സ്കൂളില്‍ നിന്നും തിരിച്ചുകൊണ്ടുവരാന്‍ പോകുമ്ബോഴാണ് ഈ വാര്‍ത്ത അറിയുന്നത്. എന്റെ വിവാഹബന്ധത്തില്‍ ഒരു പ്രശ്നവുമില്ല.’ രംഭ ടൈംസ് ഓഫ് ഇന്ത്യയോട് വെളിപ്പെടുത്തുന്നു.
നേരത്തെ രംഭയും ഭര്‍ത്താവും പിരിയാന്‍ പോവുകയാണെന്നും വിവാഹമോചനത്തിനു ശ്രമിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതിനിടെ ഭര്‍ത്താവിനൊപ്പം കഴിയാന്‍ അനുമതി വേണമെന്നാവശ്യപ്പെട്ട് ഹിന്ദു മാര്യേജ് ആക്ടിലെ സെക്ഷന്‍ ഒമ്ബത് അനുസരിച്ച് രംഭ കോടതിയെ സമീപിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു. ഇത്തരത്തില്‍ പ്രചരിച്ച വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു രംഭ.
കാനഡയിലെ ബിസിനസുകാരനായ ഇന്ദിരന്‍ പത്മനാഭനുമായി 2010ലായിരുന്നു രംഭയുടെ വിവാഹം. വിവാഹത്തിന് ശേഷം കുറച്ചു നാള്‍ ഭര്‍ത്താവിന്റെ ബിസിനസില്‍ സഹായിച്ച് രംഭയും കാനഡയിലായിരുന്നു. ഈ ദമ്ബതികള്‍ക്ക് രണ്ട് പെണ്‍മക്കളുമുണ്ട്.













