ഒറ്റ വിക്ഷേപണത്തില്‍ 83 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ചു ലോക റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ഐഎസ്‌ആര്‍ഒ


ഒറ്റ വിക്ഷേപണത്തില്‍ 83 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ചു ലോക റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ഐഎസ്‌ആര്‍ഒ ഒരുങ്ങുന്നു. രണ്ട് ഇന്ത്യന്‍ ഉപഗ്രഹങ്ങളും 81 വിദേശ ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിക്കാനുള്ള പിഎസ്‌എല്‍വി വിക്ഷേപണം അടുത്തവര്‍ഷം ആദ്യപാദത്തില്‍ നടക്കും. വിദേശ ഉപഗ്രഹങ്ങളില്‍ ഭൂരിപക്ഷവും നാനോ ഉപഗ്രഹങ്ങളാണ്. എല്ലാറ്റിനുംകൂടി ഭാരം 1600 കിലോയോളം.
ഒരേ ഭ്രമണപഥത്തില്‍ തന്നെയാവും എല്ലാ ഉപഗ്രഹങ്ങളുമെത്തിക്കുകയെന്ന് ഐഎസ്‌ആര്‍ഒയുടെ വാണിജ്യസ്ഥാപനമായ ആന്‍ട്രിക്സ് കോര്‍പറേഷന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ രാകേഷ് ശശിഭൂഷണ്‍ പറഞ്ഞു. എല്ലാ ഉപഗ്രഹങ്ങളും വേര്‍പ്പെടുത്തുന്നതു വരെ വിക്ഷേപണ വാഹനം ഒരേ ഭ്രമണപഥത്തില്‍ തന്നെ തുടരുകയെന്നതാണ് ഇതിലെ വെല്ലുവിളി.
അതുകൊണ്ടുതന്നെ വിക്ഷേപണ വാഹനത്തിന്റെ മൂന്നാം ഘട്ടത്തിലെ എന്‍ജിന്‍ പ്രവര്‍ത്തനം നിര്‍ത്തിയശേഷം വീണ്ടും ജ്വലിപ്പിക്കേണ്ട ആവശ്യമില്ല.
എക്സ്‌എല്‍ വിഭാഗത്തിലുള്ള പിഎസ്‌എല്‍വിയാണു വിക്ഷേപണത്തിന് ഉപയോഗിക്കുക. ഒറ്റവിക്ഷേപണത്തില്‍ ഒന്നിലേറെ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കുന്നത് ഐഎസ്‌ആര്‍ഒയ്ക്കു പുതുമയല്ല. ഒരേ വിക്ഷേപണത്തില്‍ വ്യത്യസ്ത ഭ്രമണപഥങ്ങളിലും ഐഎസ്‌ആര്‍ഒ ഉപഗ്രഹങ്ങളെത്തിച്ചിട്ടുണ്ട്. ഒറ്റ വിക്ഷേപണത്തില്‍ ഐഎസ്‌ആര്‍ഒ ഭ്രമണപഥത്തിലെത്തിച്ച പരമാവധി ഉപഗ്രഹങ്ങളുടെ എണ്ണം 20 ആണ്. 37 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ച റഷ്യയ്ക്കാണു നിലവില്‍ റെക്കോര്‍ഡ്.




Sharing is Caring