മണ്ണാര്‍ക്കാട്: വിവാഹം രജിസ്റ്റര്‍ ചെയ്തു മടങ്ങവെ യുവ സൈനികന് ഭാര്യയുടെ കണ്‍മുന്നില്‍ വച്ച് ബൈക്കപകടത്തില്‍ ദാരുണാന്ത്യം. വാലിക്കോട് മനിയംപാടം വീട്ടില്‍ രാമകൃഷ്ണന്‍ ശശികല ദമ്ബതികളുടെ മകന്‍ രാജീവന്‍(27) ആണ് മരണപ്പെട്ടത് . ആസാം നോര്‍ത്തേണ്‍ കമാന്റില്‍ സേവനം ചെയ്ത് വന്നിരുന്ന രാജീവന്‍ അസം സ്വദേശിനിയുമായി വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷം രണ്ടാഴ്ച മുമ്ബാണ് വിവാഹം കഴിച്ചത്. തുടര്‍ന്ന് ഇന്നലെ വിവാഹത്തിന്റെ രജിസ്‌റ്റര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കാഞ്ഞിക്കുളത്തെ വീട്ടിലേക്കു മടങ്ങുന്നതിനിടെ ദേശീയപാത തുപ്പനാട് പാലത്തിനു സമീപത്തായിരുന്നു അപകടം.ബൈക്കുമായി കൂട്ടിയിടിച്ചു പിക്കപ് വാനില്‍ ഇടിക്കുകയായിരുന്നു. പിന്നാലെ ഓട്ടോയില്‍ വരികയായിരുന്നു ഭാര്യയും അച്ഛനും. പരിക്കേറ്റ് കിടന്ന രാജീവിനെ അതേ ഓട്ടോയില്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് ആംബുലന്‍സില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലുംരക്ഷിക്കാനായില്ല. ഇന്നലെ ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം.
അസമിലെ സൈനിക ജോലിക്കിടെയാണ് രാജീവും പ്രിയങ്കയും പ്രണയത്തിലായത്. രാജീവിന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. കാശ്മീരിലേക്കു സ്ഥലം മാറ്റം കിട്ടിയപ്പോള്‍ ലഭിച്ച 15 ദിവസത്തെ അവധി യാത്രയില്‍ പ്രിയങ്കയെയും ഒപ്പം കൂട്ടി. കശ്മീരിലേക്ക് പോയി തിരികെ അസമിലെത്തുമ്ബോഴേക്കും പ്രിയങ്കയെ നഷ്ടമാകുമോ എന്ന ആശങ്ക കാരണമായിരുന്നു ഒപ്പം നാട്ടിലേക്ക് കൂട്ടിയത്. മൃതദേഹം ഇന്നു 11ന് വാലിക്കോട് വേദവ്യാസ സ്കൂളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്കാരം വൈകിട്ട് ഐവര്‍ മഠം ശ്മശാനത്തില്‍.














