വിവാദങ്ങള്‍ തളര്‍ത്തിയില്ല :കൊച്ചി മെട്രോ സ്റ്റേഷനുകൾ സന്ദർശിച്ച് ഇ.ശ്രീധരൻ


മെട്രോ ഉദ്ഘാടനവേദിയിൽനിന്നു തന്നെ ഒഴിവാക്കിയതു വലിയ വിമർശനവും വിവാദവുമായതിനു തൊട്ടടുത്ത ദിവസം കർമനിരതനായി മെട്രോമാൻ ഇ.ശ്രീധരൻ. മെട്രോ ഉദ്ഘാടനം ശനിയാഴ്ച നടക്കാനിരിക്കെ, സ്റ്റേഷനുകളുടെയും ട്രെയിനുകളുടെയും മറ്റും അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്താൻ ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ എത്തി. പാലാരിവട്ടം സ്റ്റേഷനിലാണു ശ്രീധരൻ ഇപ്പോൾ പരിശോധന നടത്തുന്നത്.


പ്രധാനമന്ത്രി ഉദ്ഘാടനം നടത്തുന്നത് പാലാരിവട്ടത്താണ്. കെഎംആർഎൽ ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ട്. ഉദ്ഘാടനശേഷം മെട്രോ സർവീസ് നടത്തുന്ന മുഴുവൻ ദൂരവും ശ്രീധരൻ വിശദമായി പരിശോധിച്ചേക്കും. പരിശോധനയ്ക്കുശേഷം പുറത്തിറങ്ങുന്ന ശ്രീധരൻ, ഉദ്ഘാടന വേദിയിൽനിന്നു തന്നെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ടു മാധ്യമങ്ങളോടു പ്രതികരിക്കാമനനും സാധ്യതയുണ്ട്. എന്നാൽ വിവാദങ്ങളിൽനിന്നു പരമാവധി ഒഴിഞ്ഞുനിൽക്കാനാ‍ണ് ശ്രമിക്കുന്നതെന്നു അദ്ദേഹത്തിന്റെ അടുത്തവൃത്തങ്ങൾ പറഞ്ഞു.


അതേസമയം, ശ്രീധരൻ ഉൾപ്പെടെയുള്ളവരെ ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. ഇ.ശ്രീധരനെ വേദിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സ്ഥലം എംഎൽഎ പി.ടി. തോമസ് എന്നിവരെയും വേദിയിൽ ഉൾപ്പെടുത്തണമെന്നു കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് പ്രധാനമന്ത്രിയുടെ ഓഫീസിനു കത്തയച്ചത്.

പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ച പരിപാടി പ്രകാരം പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഗവര്‍ണര്‍ പി. സദാശിവം, കെ.വി. തോമസ് എംപി, മന്ത്രി തോമസ് ചാണ്ടി, കൊച്ചി മേയര്‍ സൗമിനി ജയിന്‍ എന്നീ ഏഴുപേർക്കു മാത്രമെ വേദിയിൽ സ്ഥാനമുള്ളൂ. അവരില്‍ത്തന്നെ പ്രധാനമന്ത്രി, മുഖ്യമന്ത്രി, വെങ്കയ്യ നായിഡു എന്നിവര്‍ക്കു മാത്രമാണ് സംസാരിക്കാന്‍ അവസരം. സ്വാഗതം പറയുന്ന കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് താഴെ ഇരിക്കണം. ഗവര്‍ണര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കു വേദിയില്‍ സ്ഥാനമുണ്ടെങ്കിലും സംസാരിക്കാന്‍ അവസരമില്ല.

സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ക്രമമനുസരിച്ച് 17 പേര്‍ക്കു വേദിയില്‍ ഇരിപ്പിടമുണ്ടായിരുന്നു. പത്തു പേര്‍ക്ക് സംസാരിക്കാനുളള അവസരവും. പ്രധാനമന്ത്രി, മുഖ്യമന്ത്രി, വെങ്കയ്യ നായിഡു എന്നിവര്‍ക്കു പുറമെ ഗവര്‍ണര്‍ പി.സദാശിവം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡോ. ഇ.ശ്രീധരന്‍, കെ.വി. തോമസ് എംപി, പി.ടി. തോമസ് എംഎല്‍എ, ഏലിയാസ് ജോര്‍ജ്, എന്നിവര്‍ക്കായിരുന്നു സംസാരിക്കാന്‍ അവസരം.



Sharing is Caring